പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിക്കില്ലെന്ന് കിറ്റക്സിന് തെലങ്കാന സർക്കാരിന്റെ ഉറപ്പ്. വ്യവസായ വകുപ്പ് കിറ്റക്സ് സംഘത്തിന് നേരിട്ട് ഉറപ്പ് നൽകുകയായിരുന്നു. 

ബെംഗളൂരു: തെലങ്കാന സർക്കാറുമായി കിറ്റക്സ് സംഘം ആദ്യഘട്ട ചർച്ച പൂർത്തിയാക്കി. വ്യവസായ മന്ത്രി കെടി രാമറാവു സാബു എം ജേക്കബിനെയും സംഘത്തെയും നേരിട്ട് സ്വീകരിച്ച് സംസ്ഥാനത്തിന്‍റെ നയം വിശദീകരിച്ചു. മെഗാ പ്രൊജക്ട് ആരംഭിക്കാന്‍ വമ്പന്‍ ആനുകൂല്യങ്ങളാണ് കിറ്റക്സിന് മുന്നില്‍ തെലങ്കാന വച്ചിരിക്കുന്നത്. പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിക്കില്ലെന്ന് കിറ്റക്സിന് തെലങ്കാന സർക്കാരിന്റെ ഉറപ്പ്. വ്യവസായ വകുപ്പ് കിറ്റക്സ് സംഘത്തിന് നേരിട്ട് ഉറപ്പ് നൽകുകയായിരുന്നു. വാറങ്കലിലെ സന്ദർശനത്തിന് ശേഷം കിറ്റക്സ് സംഘം ഹൈദരാബാദിൽ തിരിച്ചെത്തി. രാത്രി വീണ്ടും ചർച്ച നടത്തും.

തെലങ്കാന സർക്കാർ ഏ‌ർപ്പാടാക്കിയ ചാർട്ടഡ് വിമാനത്തില്‍ കൊച്ചിയില്‍നിന്നും ഉച്ചയോടെ ഹൈദരാബാദിലെത്തിയ കിറ്റക്സ് സംഘത്തെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. ശേഷം മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്‍റെ മകനും വ്യവസായ മന്ത്രിയുമായ കെടി രാമറാവുവുമായി 3 മണിക്കൂർ ചർച്ച. സംസ്ഥാനത്തെ ടെക്സറ്റൈല്‍ മേഖലയിലെ നിക്ഷേപ സാധ്യതകളും നയവും മന്ത്രി വിശദീകരിച്ചു. തെലങ്കാനയുടെ അഭിമാന പദ്ദതിയായ വാറങ്കല്‍ ജില്ലയിലെ കാക്കത്തിയ മെഗാ ടെക്സ്ററൈല്‍ പാർക്കിലേക്കാണ് കിറ്റക്സിനെ ഫാക്ടറി തുടങ്ങാന്‍ ക്ഷണിച്ചിരിക്കുന്നത്. 

3000 ഏക്കറിലായി വ്യാപിച്ചിരിക്കുന്ന മെഗാ ടെക്സ്റ്റൈല്‍ പാർക്കിലേക്ക് സാബു എം ജേക്കബിനെ സർക്കാർ ഹെലികോപ്റ്ററില്‍ കൊണ്ടുപോയി. 3500 കോടി രൂപ മുതല്‍ മുടക്കുന്ന മെഗാ പ്രൊജക്ട് സംസ്ഥാനത്തെത്തിക്കാന്‍ കിറ്റക്സിന്‍റെ ആവശ്യങ്ങളനുസരിച്ചും സൗകര്യങ്ങളൊരുക്കാന്‍ തയാറാണെന്ന് വ്യവസായ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഹൈദരാബാദില്‍ തങ്ങുന്ന കിറ്റക്സ് സംഘം പദ്ധതി സംബന്ധിച്ച തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona