Asianet News MalayalamAsianet News Malayalam

'കെ വി ജേക്കബ്ബാണ് അഴിമതിക്കാരന്‍'; ആരോപണങ്ങള്‍ തള്ളി കിഴക്കമ്പലത്തെ ട്വന്‍റി 20

വികസന പ്രവർത്തനങ്ങൾ കിറ്റെക്സിന് സമീപം മാത്രമേ നടത്തിയിട്ടുള്ളൂ എന്ന  കെ വി  ജേക്കബ്ബിന്റെ ആരോപണം ശരിയല്ലെന്ന് ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്ബ് പ്രതികരിച്ചു. കെ വി ജേക്കബ്ബാണ് അഴിമതി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
 

kizhakkambalam twenty 20 denies allegations by former panchayath president k v jacob
Author
Cochin, First Published Jan 2, 2020, 4:40 PM IST

കൊച്ചി: രാജി വച്ച കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്‍റ് കെ വി ജേക്കബ്ബിന്‍റെ ആരോപണങ്ങള്‍ തള്ളി ട്വന്‍റി 20 കൂട്ടായ്മ. വികസന പ്രവർത്തനങ്ങൾ കിറ്റെക്സിന് സമീപം മാത്രമേ നടത്തിയിട്ടുള്ളൂ എന്ന  കെ വി  ജേക്കബ്ബിന്റെ ആരോപണം ശരിയല്ലെന്ന് ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്ബ് പ്രതികരിച്ചു. കെ വി ജേക്കബ്ബാണ് അഴിമതി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ഭൂമാഫിയയുടെ ഒത്താശയോടെ കെ വി ജേക്കബ്ബ് വിദേശയാത്ര നടത്തിയെന്നാണ് ട്വന്‍റി 20 ആരോപിക്കുന്നത്. ബാർ ലൈസൻസ് നൽകാൻ സഹായിക്കാമെന്ന് പറഞ്ഞ് കെ വി ജേക്കബ്ബ് കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ആക്ഷോപമുയര്‍ന്നിട്ടുണ്ട്. 

ഇന്നലെയാണ് എറണാകുളം കിഴക്കമ്പലത്തെ ട്വന്റി 20 ജനകീയ കൂട്ടായ്മക്കെതിരെ അഴിമതി ആരോപണവുമായി രാജിവെച്ച പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ്ബ് രംഗത്തെത്തിയത്. പഞ്ചായത്ത് വികസന ഫണ്ടിന്‍റെ 70 ശതമാനവും ട്വന്റി ട്വന്റി നേതാക്കളുടെ താല്‍പര്യത്തിന് അനുസരിച്ച് വിനിയോഗിച്ചെന്നായിരുന്നു  ആരോപണം. സംഭവത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. 

പ്രബല രാഷ്ട്രീയപാര്‍ട്ടികളെ വെട്ടിനിരത്തിയായിരുന്നു കിറ്റക്സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ്ബിന്‍റെ നേതൃത്വത്തിലുള്ള ട്വന്റി 20  കിഴക്കമ്പലം പഞ്ചായത്തിന്‍റെ ഭരണം പിടിക്കുന്നത്. 4 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ നേതൃത്വത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നു. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ്ബ് ഇന്നലെ രാജിവെച്ചത്. പദവി ഒഴിഞ്ഞതോടെ കടുത്ത വിമര്‍ശനമാണ് ട്വന്റി 20 നേതൃത്വത്തിനെതിരെ കെ വി ജേക്കബ്ബ് ഉന്നയിക്കുന്നത്. പദ്ധതി വിഹിതത്തിന്‍റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് നേതാക്കളുടെ വ്യവസായ സ്ഥാപനങ്ങളോട് ചേര്‍ന്നാണെന്നാണ് ഇദ്ദേഹത്തിന്‍റെ പ്രധാന ആരോപണം.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്ന് വ്യക്തമായതോടെയാണ് കെ വി ജേക്കബ്ബിനെ മാറ്റിയതെന്നാണ് ട്വന്റി 20യുടെ വിശദീകരണം. കെ വി ജേക്കബ്ബിനെ പിന്തുണക്കുന്ന കൂടുതല്‍ പേര്‍ ട്വന്റി ട്വന്റിയില്‍നിന്ന് വൈകാതെ രാജിവെച്ചേക്കുമെന്നാണ് സൂചന. ഇതിനിടെ, വികസന ഫണ്ടിലെ അഴിമതിയില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. മണ്ഡലം പ്രസിഡന്റ് ഏലിയാസ് കാരിപ്രയാണ് പരാതി നല്‍കിയിരിക്കുന്നത്.   

Follow Us:
Download App:
  • android
  • ios