കൊച്ചി: ഗായകൻ കെ ജെ യേശുദാസിന്‍റെ ഇളയ സഹോദരൻ കെ ജെ ജസ്റ്റിന്‍റെ മരണം ആത്മഹത്യയെന്ന് പൊലീസ്. സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതയും മൂലമാണ് ജസ്റ്റിൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ഉച്ചയോടെയാണ് കാക്കനാട് അത്താണിക്ക് സമീപം സെന്‍റ് ആന്‍റണീസ് പള്ളിക്കടുത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന കെ ജെ ജസ്റ്റിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി ഏറെ വൈകിയും ജസ്റ്റിൻ വീട്ടിലെത്താത്തതിനെ തുടർന്ന് കുടുംബം തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടുവെന്ന വിവരം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. 

വല്ലാർപാടം കണ്ടെയ്‍നർ ടെർമിലിന് സമീപം കായലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുളവുകാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്ന് പോസ്റ്റ്‍മോർട്ടം പൂർത്തിയാക്കുകയും ചെയ്തു.

പരേതനായ സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിൻ ജോസഫിന്‍റെയും എലിസബത്തിന്‍റെയും മകനാണ് കെജെ ജസ്റ്റിൻ. ജിജിയാണ് ഭാര്യ. മറ്റു സഹോദരങ്ങൾ: ആന്‍റപ്പൻ, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ.