Asianet News MalayalamAsianet News Malayalam

കെകെ മഹേശന്റെ മരണം: നാട്ടിൽ നടക്കുന്ന ആത്മഹത്യകൾക്കെല്ലാം മറുപടി പറയാനില്ലെന്ന് കെ സുരേന്ദ്രൻ

പ്രവാസികളെ മടക്കി കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് സംസ്ഥാന സർക്കാർ തുരങ്കം വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

KK Maheshan suicide BJP state president did not respond
Author
Kochi, First Published Jun 27, 2020, 3:14 PM IST

കൊച്ചി: എസ്എൻഡിപി ചേർത്തല യൂണിയൻ ഓഫീസിൽ കെകെ മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് പൊലീസ് അന്വേഷിക്കുന്നുണ്ട്. നാട്ടിൽ എത്ര ആത്മഹത്യകൾ നടക്കുന്നുവെന്നും അതിനെല്ലാം മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളെ മടക്കി കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് സംസ്ഥാന സർക്കാർ തുരങ്കം വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയിൽ എഎൻ രാധാകൃഷ്ണന്റെ വസതിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി വിഷയത്തിൽ കേരള സർക്കാരിനെതിരെ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

വി മുരളീധരന്റെ ഓഫീസിനെതിരായ ആരോപണങ്ങൾ കെ സുരേന്ദ്രൻ തള്ളി. ഇതെല്ലാം മാധ്യമസൃഷ്ടികളാണെന്നും മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് നിർദ്ദേശപ്രകാരമാണ് ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗം കൊച്ചിയിൽ ചേർന്നത്. പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കാനായിരുന്നു ശ്രമം. എന്നാൽ ദേശാഭിമാനി മുഖപ്രസംഗത്തിൽ വി മുരളീധരന്റെ ഓഫീസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ യോഗത്തിൽ ചർച്ചയായി.

ഡി.ആർ.ഡി.ഒ കേസിൽ ഉൾപ്പെട്ടയാൾ മുരളീധരന്റെ ഓഫീസിലെ നിത്യസന്ദർശകനാണ് എന്ന ആരോപണം ചർച്ചയായി. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ചൊല്ലി സംസ്ഥാന സർക്കാരും കേന്ദ്രമന്ത്രി വി മുരളീധരനുമായുള്ള തർക്കവും ഉന്നയിക്കപ്പെട്ടു. വി മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവരുണ്ടെന്ന ആരോപണം പികെ കൃഷ്ണദാസ് ഉന്നയിച്ചു.

യോഗത്തിൽ വീഡിയോ കോഫറൻസിങ് വഴി വി മുരളീധരനും പങ്കെടുത്തിരുന്നു. വി.മുരളീധരന്റെ ഓഫീസിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന നിലപാടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ യോഗത്തിലും സ്വീകരിച്ചത്.

Follow Us:
Download App:
  • android
  • ios