Asianet News MalayalamAsianet News Malayalam

Priya Varghese : 'അക്കാദമിക് രംഗത്ത് പ്രിയ വർഗീസ് എന്ന പേര് ഇത് വരെ കേട്ടിട്ടില്ല', ജോസഫ് സ്കറിയ

അഭിമുഖത്തിനായി ആറുപേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കിയതിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ ജോസഫ് സ്കറിയ കഴിഞ്ഞ 27 വർഷമായി അധ്യാപന രംഗത്തുണ്ട്. നൂറ്റി അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും രചിച്ച സ്കറിയയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും ഫെല്ലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്.

KK Ragesh Wife Appointment Row Will Approach Court If Justice Is Not Served Says Joseph Scaria
Author
Kannur, First Published Dec 16, 2021, 7:30 AM IST

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗ്ഗീസിനെ നിയമിക്കാനായി റാങ്ക് ലിസ്റ്റിൽ  രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാളം വിഭാഗം മേധാവിയായ ഡോ. ജോസഫ് സ്കറിയയെയാണ്. അഭിമുഖത്തിനായി ആറുപേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കിയതിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ ജോസഫ് സ്കറിയ കഴിഞ്ഞ 27 വർഷമായി അധ്യാപന രംഗത്തുണ്ട്. നൂറ്റി അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും രചിച്ച സ്കറിയയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും ഫെല്ലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്. 

അക്കാദമിക രംഗത്ത് പ്രിയ വർഗ്ഗീസിന്‍റെ പേര് താനിതുവരെ കേട്ടിട്ടുപോലുമില്ലെന്നാണ് ജോസഫ് സ്കറിയ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി നൗഫൽ ബിൻ യൂസഫിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കാണാനാകില്ലെന്നും റാങ്ക് പട്ടിക വന്ന ശേഷം പ്രിയ വർഗ്ഗീസിന്‍റെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കുന്നത് ആലോചിച്ചുവരികയാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.  താനും ഇടതുപക്ഷക്കാരനാണെന്നും അക്കാദമിക മികവിനെക്കാൾ രാഷ്ട്രീയ പിടിപാട്  സർവകലാശാലകളിലെ നിയമനത്തിന് മാനദണ്ഡമാക്കുന്നത് സങ്കടകരമാണെന്നും സ്കറിയ പറയുന്നു.

പ്രിയ വർഗ്ഗീസിന് മതിയായ യോഗ്യതയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ യൂണിവേഴ്സിറ്റി ഒളിച്ചുകളിക്കുകയാണെന്ന് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രിയയുടെ അധ്യാപനപരിചയം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നും ഇത് പരിഹരിക്കാനായി നിയമോപദേശം തേടി കാത്തിരിക്കുകയാണെന്നുമാണ് വിശദീകരണം. യോഗ്യത ഉണ്ടോ ഇല്ലയോ എന്നുറപ്പിക്കാതെ എങ്ങനെ ഇന്‍റർവ്യൂവിൽ പങ്കെടുപ്പിച്ചു എന്ന ചോദ്യത്തിന് സംശയത്തിന്‍റെ ആനുകൂല്യം ഉദ്യോഗാർത്ഥിക്ക് നൽകിയെന്ന വിചിത്ര ഉത്തരമാണ് വൈസ് ചാൻസിലർ നൽകുന്നത്. അഭിമുഖം നടത്തി നാലാഴ്ച പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതും വിവാദം ഭയന്നാണ്.

കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ഇന്‍റർവ്യൂവിൽ പങ്കെടുത്ത പ്രിയ വർഗ്ഗീസിന് യോഗ്യതയായ എട്ടുവർഷത്തെ അധ്യാപന പരിചയം ഇല്ല എന്നാണ് ആരോപണം. എഫ്‍ഡിപി അഥവാ ഫാക്കൽട്ടി ഡെവലെപ്മെന്‍റ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്ത കാലയളവ് പ്രിയ അധ്യാപന പരിചയമായി  അപേക്ഷയിൽ ചേർത്തിരുന്നു. ഇത് തെറ്റാണെന്നും യുജിസി ചട്ടപ്രകാരം എഫ്‍ഡിപി അധ്യാപന പരിചയമല്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.

അഭിമുഖം നടത്തി 29 ദിവസം പിന്നിട്ടിട്ടും ആരെയാണ് തെരഞ്ഞെടുത്തത് എന്ന് ഇതുവരെ സ‍ർവകലാശാല പറഞ്ഞിട്ടില്ല. പക്ഷെ പ്രിയയ്ക്കാണ് ഒന്നാം റാങ്കെന്ന് ഇന്‍റർവ്യൂ നടന്ന അന്ന് തന്നെ വാർത്തയും വന്നിരുന്നു. ഈ വാർത്ത വിസി നിഷേധിച്ചിട്ടും ഇല്ല. ഇനി ഇന്‍റർവ്യൂ നടത്തിയത് എത്ര തിടുക്കപ്പെട്ടായിരുന്നു എന്നുകൂടി അറിയണം. അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബർ 12. പിറ്റേന്ന് തന്നെ അപേക്ഷകരിൽ നിന്നും യോഗ്യതയുള്ള ആറ് പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കി. അതിന് പിറ്റേന്ന് രണ്ടാം ശനി ആയിട്ട് കൂടി ഉദ്യോഗാർത്ഥികളെ ഇന്‍റർവ്യൂവിന്‍റെ വിവരം അറിയിച്ചു. നാല് ദിവസം കഴിഞ്ഞ് നവംബർ പതിനെട്ടിന് ഇന്‍റർവ്യൂ നടത്തി. ശരവേഗത്തിൽ നടപടി ക്രമം പൂർത്തിയാക്കി പ്രിയ വർഗ്ഗീസിന് അഭിമുഖത്തിൽ ഒന്നാം റാങ്കും നൽകി.

പരാതിയും വിവാദങ്ങളും ഭയന്ന് റാങ്ക് പട്ടിക പുറത്തുവിടാതെ ഒളിച്ചുകളി തുടരുകയാണ് യൂണിവേഴ്സിറ്റി. പ്രിയയുടെ യോഗ്യത സംബന്ധിച്ചുള്ള നിയമോപദേശം കിട്ടാനായാണ് ഈ നീണ്ട കാത്തിരിപ്പെന്നാണ് വിസി പറയുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്റ്റാൻഡിംഗ് കൗൺസലായ അഡ്വക്കറ്റ് ഐ വി പ്രമോദാണ് ഈ നിയമ ഉപദേശം നൽകേണ്ട ആൾ. പ്രിയയ്ക്ക് അനുകൂലമായി നിയമ ഉപദേശം ദിവസങ്ങൾക്ക് മുമ്പ് തന്നെ കവറിലാക്കി അദ്ദേഹം നൽകിക്കഴിഞ്ഞിട്ടുണ്ടെന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം.  

ചുരുക്കിപ്പറഞ്ഞാൽ പ്രിയ വർഗ്ഗീസിന് മാസാമാസം ഒരു ലക്ഷത്തി മുപ്പതിനായിരത്തിലേറെ ശമ്പളം കിട്ടുന്ന ജോലി നൽകാൻ വിവാദവും ബഹളമൊക്കെ തീരുന്ന ഒരു ശുഭ മുഹൂർത്തം കാത്തിരിക്കുകയാണ്  വൈസ് ചാൻസിലറും കൂട്ടരും.

Follow Us:
Download App:
  • android
  • ios