Asianet News MalayalamAsianet News Malayalam

തിരുവഞ്ചൂരിനെതിരെ വധഭീഷണി; ടിപി കേസ് പ്രതികളെ അന്വേഷണപരിധിയിൽ കൊണ്ട് വരണമെന്ന് കെ കെ രമ

തിരുവഞ്ചൂർ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് നിയമനടപടികൾക്ക് വിധേയരായ ക്രിമിനൽ സംഘങ്ങളാണ് ഈ ഭീഷണിക്ക് പിന്നിലെന്ന് തന്നെയാണ് ന്യായമായും സംശയിക്കേണ്ടത്. 

kk rema demanded investigation againt tp case culprits  in thiruvanchoor radhakrishnan threat incident
Author
Kozhikode, First Published Jul 2, 2021, 4:27 PM IST

കോഴിക്കോട്:  മുൻ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരായ വധഭീഷണി ഗൗരവതരമാണെന്ന് കെ കെ രമ എംഎല്‍എ. തിരുവഞ്ചൂർ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് നിയമനടപടികൾക്ക് വിധേയരായ ക്രിമിനൽ സംഘങ്ങളാണ് ഈ ഭീഷണിക്ക് പിന്നിലെന്ന് തന്നെയാണ് ന്യായമായും സംശയിക്കേണ്ടത്. ടിപി വധക്കേസിൽ ഉള്‍പ്പെട്ട കൊടുംക്രിമിനലുകളടക്കമുള്ളവർ ഈ വധഭീഷണിയുടെ അന്വേഷണപരിധിയിൽ നിർബന്ധമായും വരേണ്ടതുണ്ടെന്നും കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

കേരളത്തിൻറെ മുൻ ആഭ്യന്തരവകുപ്പ് മന്ത്രി കൂടിയായ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ-യ്ക്ക് നേരെയുയർന്നിരിക്കുന്ന വധഭീഷണി തീർച്ചയായും ഗൗരവതരമാണ്. അദ്ദേഹം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് നിയമനടപടികൾക്ക് വിധേയരായ ക്രിമിനൽ സംഘങ്ങളാണ് ഈ ഭീഷണിക്ക് പിന്നിലെന്ന് തന്നെയാണ് ന്യായമായും സംശയിക്കേണ്ടത്. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനലുകളടക്കമുള്ളവർ ഈ വധഭീഷണിയുടെ അന്വേഷണപരിധിയിൽ നിർബന്ധമായും വരേണ്ടതുണ്ട്. ടിപി വധക്കേസ് കുറ്റവാളികൾ ജയിലിൽ നിന്ന് ഫോൺ വഴിയും, പരോളിലിറങ്ങി നേരിട്ടും ക്രിമിനൽ ക്വട്ടേഷനുകൾ നിർബാധം ഏറ്റെടുത്തുകൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തകൾ തെളിവുസഹിതം പുറത്തുവന്നുകൊണ്ടിരിക്കെ തീർച്ചയായും ശ്രീ.തിരുവഞ്ചൂരിനെതിരെ ഉയർന്നിരിക്കുന്ന ഈ വധഭീഷണി കേവലമൊരു ഊമക്കത്തെന്ന നിലയിൽ നിസ്സാരമായി അവഗണിക്കാവുന്നതല്ല.

സിപിഎം രാഷ്ട്രീയ നേതൃത്വത്തിൻറെയും ഭരണനേതൃത്വത്തിൻറെയും തണലിൽ തഴച്ചുവളർന്ന ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾ കേരളത്തെ ഭീതിയിലാഴ്ത്തി നാടുവാഴുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ശ്രീ.തിരുവഞ്ചൂരിനെ പോലുള്ള മുതിർന്ന നേതാക്കൾക്കെതിരെ പോലും തിരിയാവുന്ന നിലയിലേക്ക് കേരളത്തിലെ ക്വട്ടേഷൻ ക്രിമിനലിസം വളർന്നിരിക്കുന്നുവെന്നത് അതീവഗുരുതരമായ കാര്യമാണ്. ഈ ക്രിമിനൽ സംഘങ്ങളോടുള്ള രാഷ്ട്രീയ വിധേയത്വവും മൃദുസമീപനവും ഉപേക്ഷിച്ച് ഇനിയെങ്കിലും ശക്തമായ നടപടികളിലേക്ക് സംസ്ഥാന സർക്കാരും ആഭ്യന്തരവകുപ്പും കടന്നേതീരൂ.

ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ-യ്ക്ക് നേരെ ഉയർന്ന വധഭീഷണിക്ക് പിന്നിലെ ശക്തികളെ കണ്ടെത്താൻ നിഷ്പക്ഷവും കാര്യക്ഷമമായ അന്വേഷണം നടത്തുക തന്നെ വേണം. കേരളത്തിൻറെ സ്വച്ഛതയേയും സമാധാനത്തേയും തീർച്ചയായും ഭരണക്കാരുടെ ഇഷ്ടക്കാരായ കൊടുംകുറ്റവാളിക്കൂട്ടങ്ങൾക്ക് തീറുകൊടുക്കാനുള്ളതല്ല.

 

Follow Us:
Download App:
  • android
  • ios