താലൂക്ക് ഓഫീസ് കെട്ടിടം തുറന്ന നിലയിലും ആയിരുന്നു. അതെങ്ങനെ സംഭവിച്ചുവെന്നതിലും വ്യക്തതയില്ല. കാര്യക്ഷമമായ അന്വേഷണം വേണം. വീഴ്ചകളിൽ സർക്കാർ നടപടിയെടുക്കാൻ തയ്യാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. 

വടകര: വടകര താലൂക്ക് ഓഫീസ് (Vadakara Taluk Building ) തീപ്പിടുത്തത്തിൽ (Fire Accident) സംശയമുന്നയിച്ച് കെ കെ രമ എംഎൽഎ. പൊലീസ് അറസ്റ്റ് ചെയ്ത ആന്ധ്രാ സ്വദേശിയാണ് തീവെച്ചതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രമ, സംഭവത്തിൽ പൊലീസ് അന്വേഷണം പോരെന്നും ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

മുൻപ് രണ്ട് മറ്റ് ചില കെട്ടിടങ്ങളിൽ തീയിട്ടുവെന്ന് പറയുന്ന ആന്ധ്രാ സ്വദേശിയാണ് ഈ കെട്ടിടത്തിനും തീവെച്ചതെന്നാണ് പൊലീസ് പറയുന്നത്. അത് വിശ്വസിക്കാൻ പ്രശാസമുണ്ട്. ആ കേസുകളിൽ പരാതി കിട്ടിയിട്ടും അന്വേഷിക്കാൻ തയ്യാറാകാതിരുന്ന പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണുണ്ടായത്. തീപിടുത്തമുണ്ടായ സമയത്ത് താലൂക്ക് ഓഫീസ് കെട്ടിടം തുറന്ന നിലയിലും ആയിരുന്നു. അതെങ്ങനെ സംഭവിച്ചുവെന്നതിലും വ്യക്തതയില്ല. കാര്യക്ഷമമായ അന്വേഷണം വേണം. വീഴ്ചകളിൽ സർക്കാർ നടപടിയെടുക്കാൻ തയ്യാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. 

തീപ്പിടുത്തത്തിൽ മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായി. താലൂക്കിലെ 28 വില്ലേജുകളിലുള്ളവരെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്ര സ്വദേശിയുടെ മേൽ താലൂക്ക് ഓഫീസ് തീപിടുത്തത്തിന്റെ കുറ്റം ചുമത്തിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കെട്ടിടത്തിൽ സിസിടിവിയോ, സുരക്ഷാ ഉദ്യോഗസ്ഥന്മാരോ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച എംഎൽഎ, സർക്കാർ നടപടിയെടുക്കണമെന്നും ജുഡീഷ്യൽ അന്വേഷണം തന്നെ ആവശ്യമാണെന്നും ആവർത്തിച്ചു. 

അതേ സമയം, തീപിടുത്ത കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ ആന്ധ്ര സ്വദേശി സതീഷ് നാരായണ നിലവിൽ റിമാൻഡിലാണ്.

അതിനിടെ തീപിടുത്തത്തിൽ നശിച്ച വടകര താലൂക്ക് ഓഫീസ് താത്കാലികമായി മറ്റൊരു കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 
തീപിടുത്തമുണ്ടായ കെട്ടിടത്തിന് സമീപത്തെ സബ്ട്രഷറി ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇന്ന് മുതൽ വടകര താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസ് സംവിധാനങ്ങളിൽ ഭൂരിഭാഗവും ഇവിടെ ഒരുക്കി. ജനങ്ങൾക്ക് സംശയ നിവാരണത്തിനായി ഹെൽപ്‌ഡെസ്‌കും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പഴയ കെട്ടിടത്തിന് സമീപത്തുതന്നെയാണ് ഹെൽപ്‌ഡെസ്‌ക് പ്രവർത്തിക്കുന്നത്. നേരത്തെ നൽകിയ അപേക്ഷകളെ കുറിച്ചറിയാൻ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ഹെൽപ്‌ഡെസ്‌കിനെ ബന്ധപ്പെടാം. സേവനങ്ങൾക്കായും പരാതികൾ നൽകാനും താത്കാലിക ഓഫീസിനെയും ഹെൽപ്‌ഡെസ്‌കിനെയും ജനങ്ങൾക്ക് സമീപിക്കാം, ലാൻഡ്ഫോൺ നമ്പറിലും ബന്ധപ്പെടാം.