മുകേഷിന്‍റെ രാജിയാവശ്യം അംഗീകരിക്കാതെ കെകെ ശൈലജയും; കേസ് എടുത്തിട്ടും പിന്തുണ തുടര്‍ന്ന് സിപിഎം നേതാക്കള്‍
കുറ്റം ചെയ്തെന്ന് കണ്ടെത്തിയാല്‍ മുകേഷിന് എംഎല്‍എയായി തുടരാനാകില്ലെന്നും അതിനുമുമ്പെ രാജിവെക്കണമെന്ന് പറയാൻ പറ്റില്ലെന്നും നിയമപരമായി പരിശോധിക്കേണ്ട കാര്യമാണെന്നും കെ കെ ശൈലജ പറഞ്ഞു
തിരുവനന്തുരം: ലൈംഗികാതിക്രമ കേസില്‍ അന്വേഷണം നേരിടുന്ന മുകേഷ് എംഎല്‍എയുടെ രാജി ആവശ്യം അംഗീകരിക്കാതെ കെകെ ശൈലജ എംഎല്‍എയും.എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പിന്നാലെയാണ് കെകെ ശൈലജയും സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന്‍റെ രണ്ട് എംഎല്‍എമാര്‍ രാജിവെക്കാത്തത് ചൂണ്ടികാണിച്ച് മുകേഷിനായി പ്രതിരോധം തീര്‍ത്തത്.
മുകേഷിനെതിരെ കേസെടുത്തിട്ടും പിന്തുണ തുടരുകയാണ് സിപിഎം നേതാക്കള്‍.കുറ്റം ചെയ്തെന്ന് കണ്ടെത്തിയാല്‍ മുകേഷിന് എംഎല്‍എയായി തുടരാനാകില്ലെന്നും അതിനുമുമ്പെ രാജിവെക്കണമെന്ന് പറയാൻ പറ്റില്ലെന്നും നിയമപരമായി പരിശോധിക്കേണ്ട കാര്യമാണെന്നും കെ കെ ശൈലജ പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയടക്കം വ്യക്തമാക്കിയത്.
ഇതിനുപുറമെ സിനിമ ഷൂട്ടിങ് സെറ്റുകളില്‍ ഐസിസി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആരോപണങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചു. പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും തുടര്‍നടപടി.മുകേഷ് കുറ്റവാളിയാണെന്ന് പ്രാഥമികമായി കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ല. ആരോടും പക്ഷഭേദം കാണിക്കില്ല. തുടര്‍നടപടികള്‍ക്ക് അനുസരിച്ച് ഉചിതമായ തീരുമാനം ഉണ്ടാകും.
ആരായാലും പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്കൊപ്പമായിരിക്കും.അന്വേഷണം നടക്കട്ടെയെന്നും തെളിവുകള്‍ പുറത്തുവരട്ടെയെന്നും കെകെ ശൈലജ പറഞ്ഞു.നേരത്തെയും ചിലര്‍ക്കെതിരെ ആരോപണം ഉണ്ടായപ്പോള്‍ എംഎല്‍എയായി തുടര്‍ന്നാണല്ലോ അന്വേഷണം നേരിട്ടതെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരായ ആരോപണത്ത ഉദ്ദേശിച്ച് കെകെ ശൈലജ പറഞ്ഞു.ശരിയായ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ആരോപണം കേട്ടയുടനെ മുകേഷ് രാജിവെക്കണമെന്ന് പറയാൻ പറ്റില്ല. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചശേഷമെ രാജിയുടെ കാര്യം പറയാനാകുവെന്നും കെകെ ശൈലജ വ്യക്തമാക്കി.
ഡബ്ല്യുസിസിയുടെ ആവശ്യം ന്യായം, കോണ്‍ക്ലേവിൽ നിന്ന് ആരോപണ വിധേയരെ മാറ്റിനിര്‍ത്തും: ഷാജി എൻ കരുണ്‍