ഡബ്ല്യുസിസിയുടെ ആവശ്യം ന്യായം, കോണ്‍ക്ലേവിൽ നിന്ന് ആരോപണ വിധേയരെ മാറ്റിനിര്‍ത്തും: ഷാജി എൻ കരുണ്‍
ആരോപണ വിധേയര്‍ പദവികള്‍ രാജിവെക്കുന്നത് അവര്‍ സ്വയം തീരുമാനിക്കേണ്ട കാര്യമാണെന്നും ഷാജി എൻ കരുണ്‍ പറഞ്ഞു.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ കൊച്ചിയിൽ നടത്താനിരിക്കുന്ന സിനിമ നയ രൂപീകരണ കോണ്‍ക്ലേവിൽ നിന്നും ആരോപണ വിധേയരെ മാറ്റിനിര്‍ത്തുന്നത് പരിഗണിക്കുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുണ്‍ വ്യക്തമാക്കി. സിനിമ നയ രൂപീകരണ സമിതിയില്‍ ആരോപണ വിധേയനായ മുകേഷ് ഉള്‍പ്പെട്ടത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഷാജി എൻ കരുണ്‍. മുകേഷിനെ നയരൂപീകരണ സമിതിയിൽ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ആരോപണ വിധേയരെ മാറ്റിനിര്‍ത്തുന്നത് പരിഗണിക്കുമെന്ന് ഷാജി എൻ കരുണ്‍ വ്യക്തമാക്കിയത്.
ഇക്കാര്യത്തില്‍ രണ്ട്, മൂന്ന് ദിവസത്തിനകം സര്‍ക്കാരിൽ നിന്ന് തീരുമാനം ഉണ്ടാകും.ഡബ്ല്യുസിസിയുടെ ആവശ്യം ന്യായമാണെന്നും ഇക്കാര്യത്തില്‍ വൈകാതെ തീരുമാനം ഉണ്ടാകുമെന്നും ആരോപണ വിധേയര്‍ പദവികള്‍ രാജിവെക്കുന്നത് അവര്‍ സ്വയം തീരുമാനിക്കേണ്ട കാര്യമാണെന്നും ഷാജി എൻ കരുണ്‍ പറഞ്ഞു. കോണ്‍ക്ലേവിൽ ഒരു പാട് വിഷയങ്ങള്‍ ഉയര്‍ന്നുവരും.
ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. ഷാജി എൻ കരുണിനാണ് കോണ്‍ക്ലേവിന്‍റെ നടത്തിപ്പ് ചുമതല. ഷാജി എൻ കരുണാണ് നയരൂപീകരണ സമിതി ചെയർമാൻ.സമിതിയില്‍ മുകേഷ് എംഎല്‍എയും അംഗമാണ്. മഞ്ജു വാര്യർ, നടി പത്മപ്രിയ, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ഛായാഗ്രാഹകൻ രാജീവ് രവി, നടി നിഖില വിമൽ, നിർമ്മാതാവ് സന്തോഷ് കുരുവിള, സി അജോയ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആൻ്റണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.