Asianet News MalayalamAsianet News Malayalam

'ആരോഗ്യ പ്രവർത്തകരോട് ഇത്ര ഹീനമായ പ്രവൃത്തി ഒരിടത്തും ഉണ്ടായിട്ടില്ല'; പൂന്തുറ പ്രതിഷേധത്തിൽ കെ കെ ശൈലജ

കാറിന്റെ വാതിൽ തുറന്ന് മനപൂർവ്വം ആളുകൾ അകത്തേക്ക് ചുമച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരെ ഇത്ര ഹീനമായ പ്രവർത്തനം ഒരിടത്തും ഉണ്ടായിട്ടില്ല. ചിലർ ദുഷ്ടലാക്കോടെ പ്രേരിപ്പിച്ചിട്ടാണ് ആളുകൾ ഇങ്ങനെ ചെയ്യുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

kk shailaja reaction to poonthura protest
Author
Thiruvananthapuram, First Published Jul 10, 2020, 8:52 PM IST

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് തിരുവനന്തപുരം പൂന്തുറയിലുണ്ടായതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. കാറിന്റെ വാതിൽ തുറന്ന് മനപൂർവ്വം ആളുകൾ അകത്തേക്ക് ചുമച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരെ ഇത്ര ഹീനമായ പ്രവർത്തനം ഒരിടത്തും ഉണ്ടായിട്ടില്ല. ചിലർ ദുഷ്ടലാക്കോടെ പ്രേരിപ്പിച്ചിട്ടാണ് ആളുകൾ ഇങ്ങനെ ചെയ്യുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പൂന്തുറയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണ്. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ 129 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അതില്‍ 122 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 17 പേര്‍ക്ക് എവിടെ നിന്നും രോഗം ബാധിച്ചുവെന്ന ഉറവിടം പോലും അറിയില്ല. ഇതില്‍ ബഹുഭൂരിപക്ഷവും പൂന്തറയില്‍ നിന്നാണന്നറിയുന്ന ഗുരുതരമായ അവസ്ഥ നില്‍ക്കുന്ന സമയത്താണ് പൂന്തുറയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ തെരുവിലിറക്കിയത്. അവരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും പണയംവച്ച് രാപ്പലകില്ലാതെ തമ്പടിച്ച ആരോഗ്യ പ്രവര്‍ത്തകരെപ്പോലും ആക്രമിക്കാനൊരുങ്ങി. ഇവരുടെ പ്രവര്‍ത്തനത്തില്‍ ചില ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടതായും വന്നു. കാറിന്റെ ഡോര്‍ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലര്‍ അകത്തേക്ക് ചുമക്കുന്ന സ്ഥിതിയുണ്ടായി. വല്ലാത്തൊരവസ്ഥയാണിത്. ലോകത്ത് ഒരിടത്തും തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല. 

സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. മറ്റ് സംസ്ഥാനങ്ങളില്‍ രോഗം പടര്‍ന്ന് പിടിച്ചപ്പോഴും നമ്മളെ സുരക്ഷിതമായി നിര്‍ത്തിയത് നമ്മുടെ ആരോഗ്യ സംവിധാനവും ആരോഗ്യ പ്രവര്‍ത്തകരുമാണ്. അതിനാല്‍ അവരുടെ മനോനില തകര്‍ക്കുന്ന ഒരു പ്രവണതയും അംഗീകരിക്കാന്‍ കഴിയില്ല. ശരിക്കും പറഞ്ഞാല്‍ പൊതുജനങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

പൂന്തുറയിലും മറ്റുമേഖലയിലും മഹാഭൂരിപക്ഷം സഹോദരങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നവരാണ്. ആരൊക്കെയോ ദുഷ്ടലാക്കോടെ പ്രേരിപ്പിച്ചാണ് ചുരുക്കം ചിലര്‍ ഇതിനെതിരായി പ്രവര്‍ത്തിക്കുന്നത്.  നമുക്ക് വേണ്ടിയാണ് സ്വന്തം കുടുംബവും ആരോഗ്യവും പോലും നോക്കാതെ രാപ്പകലില്ലാതെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസുമെല്ലാം കഷ്ടപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നമുക്കെല്ലാവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നില്‍ക്കാമെന്നും മന്ത്രി പറഞ്ഞു.

Read Also: 'ഇതൊന്നും സമരമല്ല, നാടിനെ അപകടപ്പെടുത്തലാണ്'; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി...

 

Follow Us:
Download App:
  • android
  • ios