തിരുവനന്തപുരം:  കൊവിഡ‍് 19ന് മുമ്പ് കേരളത്തിന് വെല്ലുവിളിയായെത്തിയ നിപ എന്ന മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം തികയുമ്പോള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ത്യാഗനിർഭരമായ ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടാവുന്ന ആരോഗ്യ പ്രവർത്തകരുടെ മരണം ഏറെ വേദന നൽകുമെങ്കിലും ലിനിയുടെ മരണം ഒരു പോരാട്ട വീര്യമായി ഉള്ളിലുണ്ടെന്ന് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തന്നെ വൈറസ് ബാധിച്ചത് തന്റെ തെറ്റ് അല്ലായിരിക്കാം, പക്ഷേ, തന്നിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് പൂർണമായും തന്റെ തെറ്റും ശ്രദ്ധക്കുറവുമാണെന്ന ബോധ്യം നമ്മളിൽ ഉണ്ടാക്കാൻ ലിനിയുടെ പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട്. നിപ വൈറസ് ലിനിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ ലിനി കാണിച്ച മാതൃക കൊറോണ കാലത്ത് നമുക്ക് നൽകുന്ന പാഠം വളരെ വലുതാണ്.

ആത്മധൈര്യത്തോടെ പറയാൻ കഴിയും കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടവും നമ്മൾ വിജയിക്കുക തന്നെ ചെയ്യുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.  ലിനിയെ ഓർക്കാതെ ഈ കാലം എങ്ങനെ കടന്നു പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കൊവിഡ് 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓർമ്മദിനം കടന്നുപോവുന്നത്.

ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് ഈ പോരാട്ടത്തിൽ കേരളത്തിന്‍റെ കരുത്ത്. രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്‍റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവർത്തകർ കൊവിഡിനെതിരായ പോരാട്ടത്തിൽ എല്ലാം മറന്ന് മുന്നിലുണ്ട്.

രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവർത്തകർ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നൽകുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കൊവിഡിനെതിരായ പോരാട്ടത്തിൽ ലിനിയുടെ ഓർമ്മകൾ നമുക്ക് കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.