കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നും നിക്ഷിപ്ത താല്പര്യക്കാരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും കെ കെ ശൈലജ പറഞ്ഞു. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും അതിജീവിതയുടെ കുടുംബവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നുവെന്നും ശൈലജ.
കണ്ണൂര്‍: പാലത്തായി പീഡനക്കേസിൽ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മന്ത്രിയായിരുന്ന ഇടപെട്ടില്ലെന്ന വിമർശനത്തില്‍ പ്രതികരിച്ച് കെ കെ ശൈലജ. കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നും നിക്ഷിപ്ത താല്പര്യക്കാരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും കെ കെ ശൈലജ പ്രതികരിച്ചു. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും അതിജീവിതയുടെ കുടുംബവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നുവെന്നും ശൈലജ കണ്ണൂരിൽ പറഞ്ഞു. പെൺകുട്ടിയെ കൗൺസിൽ ചെയ്തവർ മോശമായി പെരുമാറിയെന്നായിരുന്നു അതിജീവിതയുടെ അമ്മ നൽകിയ പരാതി. കൗണ്‍സിലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയിൽ കെ കെ ശൈലജ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നുണ്ട്. കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും ഉചിതമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷയെന്നും വിധിന്യായത്തിലുണ്ട്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.


