തിരുവനന്തപുരം: കൊറോണ ഭീതിയിലും പകല്‍കൊള്ള നടത്തുന്ന മാസ്ക് വില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. നമ്മളെല്ലാം ഒരുമിച്ചു ചേർന്ന് കൊറോണ വൈറസ് ബാധ തടയാൻ ശ്രമിക്കുകയാണ്. കൂട്ടായുള്ള പരിശ്രമത്തിന്റെ ഭാഗമായി നമുക്ക് ഈ വൈറസ് ഭീതി അവസാനിപ്പിക്കാൻ കഴിയും എന്നുതന്നെയാണ് ആരോഗ്യവകുപ്പ് കരുതുന്നത്. എല്ലാ ആളുകളും ഭയംകൊണ്ട് മാസ്ക് വാങ്ങും എന്നുകരുതി മാസ്കുകൾക്ക് അനിയന്ത്രിതമായി വില കൂട്ടുന്നത് കുറ്റകരമാണ്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ പലയിടത്തും മാസ്കുകള്‍ക്ക് അനിയന്ത്രിതമായി വില കൂട്ടിയിരുന്നു. രണ്ട് രൂപയുടെ ടു ലെയര്‍ മാസ്കിന് ആറ് രൂപമുതല്‍ 25 രൂപവരെ ഈടാക്കുന്നുവെന്നാണ് ആക്ഷേപം. ഇത്തരത്തില്‍ വില കൂട്ടുന്നത് കുറ്റകരമാണെന്നും സാഹചര്യം ചൂഷണം ചെയ്യുന്ന വ്യാപാരികള്‍ക്കെതിരെ  കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.