കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. അതിനാല്‍ തന്നെ ഇത്രയും ദൂരം യാത്ര ചെയ്ത് ശ്രീചിത്രയില്‍ കൊണ്ടു വരുന്നത് അപകടകരമാണ്. അതിനാലാണ് അമൃതയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്.
തിരുവനന്തപുരം: മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്ന 15 ദിവസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചത് ദൂരയാത്ര കുഞ്ഞിന് അപകടമാകും എന്നത് കൊണ്ടാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. അതിനാല്‍ തന്നെ ഇത്രയും ദൂരം യാത്ര ചെയ്ത് ശ്രീചിത്രയില്‍ കൊണ്ടു വരുന്നത് അപകടകരമാണ്. അതിനാലാണ് അമൃതയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്.
കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി പൂര്‍ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടിയുടെ ബന്ധുക്കളുമായും അമൃത ആശുപത്രിയുമായും സംസാരിച്ചിരുന്നു. കുട്ടിക്കാവശ്യമായ ചികിത്സാ സൗകര്യം അമൃതയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അമൃതയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
15 ദിവസം പ്രായമായ കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിർത്ത് ചൈൽഡ് പ്രൊട്ടക്ഷൻ ടീം നിലപാടെടുത്തിരുന്നു. സർക്കാർ ചിലവിൽ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം എന്ന് ഇവർ വാശിപിടിച്ചു. എന്നാൽ കുഞ്ഞിന്റെ ജീവനാണ് തനിക്ക് ഏറ്റവും വിലയെന്ന് മന്ത്രി പറഞ്ഞു. ഒടുവിൽ മന്ത്രിയുടെ കർശന നിർദ്ദേശത്തിന് വഴങ്ങി കുഞ്ഞിനെ അമൃതയിലേക്ക് തന്നെ മാറ്റുകയായിരുന്നു.
