ഇണങ്ങിയും പിണങ്ങിയും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. വിയോജിപ്പുകൾ ഉള്ളപ്പോഴും എക്കാലവും കെ എം മാണിയുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു.  കാർഷിക പ്രശ്നങ്ങളായിരുന്നു എക്കാലവും കെ എം മാണിയുടെ ആദ്യ പരിഗണനയെന്നും പി ജെ ജോസഫ്

കൊച്ചി:കെ എം മാണിയുമായുള്ള തന്‍റെ ദീർഘകാല രാഷ്ട്രീയബന്ധം ഓർത്തെടുത്തുകൊണ്ടാണ് പി ജെ ജോസഫ് തന്‍റെ സഹപ്രവർത്തകനെ ഓർമ്മിച്ചത്. ഇണങ്ങിയും പിണങ്ങിയും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. എക്കാലവും താൻ കെ എം മാണിയുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിച്ചിരുന്നുവെന്ന് പി ജെ ജോസഫ് പറഞ്ഞു. എക്കാലവും കാർഷിക പ്രശ്നങ്ങളായിരുന്നു കെ എം മാണിയുടെ ആദ്യ പരിഗണനയെന്ന് പി ജെ ജോസഫ് അനുസ്മരിച്ചു. രണ്ട് മുന്നണിയിലും മാറിമാറി ഭാഗമായിട്ടുണ്ടെങ്കിലും അടിസ്ഥാനവർഗ്ഗത്തിന്‍റെ ഭാഗത്തായിരുന്നു എന്നും കെ എം മാണിയെന്ന് അദ്ദേഹം ഓ‍ർമ്മിച്ചു.

ഇഎംഎസ് മന്ത്രിസഭയുടെ ശക്തനായ വിമർശക പക്ഷത്തായിരുന്നു കെഎം മാണി. കെഎം ജോർജിന്‍റെ നേതൃത്വത്തിൽ ഇ ജോൺ ജേക്കബിനൊപ്പം പ്രതിപക്ഷത്ത് നിന്നുള്ള ശക്തമായ ശബ്ദമായിരുന്നു കെ എം മാണിയെന്ന് പി ജെ ജോസഫ് പറഞ്ഞു. 1970ൽ കേരളാ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ കെ എം മാണിക്കൊപ്പം താനും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 13 എംഎൽഎമാരുമായി കാർഷിക മേഖലയ്ക്കുവേണ്ടി അന്ന് ശക്തമായ പോരാട്ടമാണ് നടത്തിയതെന്ന് പി ജെ ജോസഫ് ഓ‍ർമ്മിക്കുന്നു. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പൊളിച്ചെഴുതണമെന്നായിരുന്നു മാണിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. കെ എം മാണിയുടെ പ്രസിദ്ധമായ ആലുവ സാമ്പത്തിക പ്രമേയം അക്കാലത്തായിരുന്നു. കർഷകരും കർഷകത്തൊഴിലാളികളും ഒരു നാണയത്തിന്‍റെ ഇരുവശങ്ങൾ ആണെന്നായിരുന്നു കെ എം മാണിയുടെ നയം. 

എഴുപത്തിയൊന്നിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളാ കോൺഗ്രസിന് മൂന്ന് സീറ്റ് നൽകി. ബി ബാലകൃഷ്ണപിള്ളയും വർക്കി ജോർജ്ജും എംഎൻ ജോസഫും എംപിമാരായി. ഈ പരിഗണന നൽകി കേരളാ കോൺഗ്രസുമായി ഒരു ഹൃദയബന്ധം സ്ഥാപിക്കാനായിരുന്നു കോൺഗ്രസിന്‍റെ ശ്രമം. എന്നാൽ കാർഷിക പ്രശ്നങ്ങളിൽ പലപ്പോഴും കോൺഗ്രസിന്‍റെ സമീപനവുമായി ഒത്തുപോകാൻ കെ എം മാണിക്ക് ആകുമായിരുന്നില്ല. ഇഎംഎസിന്‍റെ നയങ്ങളിൽ പലതിനോടും പിന്നീട് യോജിച്ച മാണി ഇടതുപക്ഷത്തിനൊപ്പം കൈകോർക്കാനും തയ്യാറായി. അച്യുതമേനോൻ, മന്ത്രിസഭയുടെ കാലത്ത് കരുണാകരൻ ആഭ്യന്ത്രമന്ത്രിയായിരുന്നപ്പോൾ ആ സർക്കാരിനെതിരായിരുന്നു തുടക്കത്തിൽ കെ എം മാണിയുടെ നിലപാട്. സിപിഎമ്മുമായി അദ്ദേഹം യോജിച്ചു പ്രവർത്തിച്ചതും നയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് പി ജെ ജോസഫ് ഓർമ്മിപ്പിച്ചു. 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഇടതുപക്ഷത്തായിരുന്നു കെ എം മാണി. അടിയന്തരാവസ്ഥക്കാലത്ത് കെ എം ജോർജും ബാലകൃഷ്ണപിള്ളയും ജയിലിലായി. കെ എം മാണി ഒളിവിൽ പോയി. എന്നാൽ കെ എം മാണിയെ കോൺഗ്രസ് പക്ഷത്തേക്ക് കൊണ്ടുവരണമെന്ന് ദില്ലിയിൽ നിന്ന് അഭിപ്രായമുയർന്നു. തുടർന്ന് കോൺഗ്രസ് പക്ഷത്ത് എത്തിയ കെ എം മാണി അപ്പോഴും കർഷകപ്രശ്നങ്ങളുയർത്തി കോൺഗ്രസുമായി ഏറ്റുമുട്ടിയിരുന്നതും പി ജെ ജോസഫ് ഓർത്തെടുത്തു. നാളികേരത്തിന് ന്യായവില, റബ്ബറിന് മിനിമം വില, നെൽക്കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളുയർത്തി അദ്ദേഹം ജനപക്ഷത്ത് സജീവമായിരുന്നു. 1979ൽ താനുമായി തെറ്റി കേരള കോൺഗ്രസ് എം രൂപീകരിച്ചതും ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കൈകോർത്തതുമെല്ലാം പി ജെ ജോസഫ് ഓർമ്മിച്ചു.

ഇണങ്ങിയും പിണങ്ങിയും പ്രവർത്തിച്ചിട്ടിട്ടുണ്ടെങ്കിലും എന്നും വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്നുവെന്ന് പി ജെ ജോസഫ് പറഞ്ഞു. പലപ്പോഴും പരുഷമായി സംസാരിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും മോശമായി സംസാരിച്ചിട്ടില്ല. പാർട്ടിക്കും മുന്നണിക്കും തീരാ നഷ്ടമാണ് കെ എം മാണിയുടെ വിയോഗം. കാർഷികമേഖലയ്ക്കുവേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ പേരിലാകും കെ എം മാണി ഓർമ്മിക്കപ്പെടുകയെന്ന് പി ജെ ജോസഫ് പറഞ്ഞു.