പാലാ: പാലായിൽ കെ എം മാണിയുടെ മുഖ്യരാഷ്ട്രീയ എതിരാളികളാണ് കാപ്പൻ കുടുംബം. എന്നാൽ കാപ്പൻ കുടുംബത്തിൽ നിന്ന് മാണിയുടെ ആദ്യ എതിരാളിയാകുന്നത് മാണി സി കാപ്പനല്ല, സഹോദരൻ ജോർജ് സി കാപ്പനാണ്.

മാണിയും കാപ്പൻ കുടുംബവും ആദ്യം എതിർചേരിയിലായിരുന്നില്ല. മാണി സി കാപ്പന്‍റെ പിതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന‍ ചെറിയാൻ ജെ കാപ്പന്റെ ജൂനിയറായാണ് കെ എം മാണി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പ് കേസിൽ കെ എം മാണിയ്ക്കെതിരെ ചെറിയാൻ കാപ്പൻ സാക്ഷി പറ‍ഞ്ഞതോടെ ഇരുവരും തമ്മിൽ തെറ്റി. കാപ്പൻ കുടുംബവും മാണിയും രാഷ്ട്രീയമായി എതി‍ർചേരിയിലായി. 1991ലാണ് ജോർജ് സി കാപ്പൻ മാണിയുടെ എതിർ സ്ഥാനാർത്ഥിയാകുന്നത്.

പാലായിൽ മാണിയെ തറപറ്റിക്കാമെന്ന ഉറച്ച പ്രതീക്ഷയോടെയായിരുന്നു ജോർജ് സി കാപ്പന്‍റെ കന്നിയങ്കം. രാജീവ് ഗാന്ധി വധത്തെ തുടര്‍ന്ന് അന്ന് രണ്ട് തവണയാണ് പോളിംഗ് നടന്നത്. രണ്ടാം തവണ വന്‍ തിരിച്ചടി ഉണ്ടായതെന്നും പതിനേഴായിരം വോട്ടുകള്‍ക്കാണ് അന്ന് തോറ്റതെന്നും ജോർജ് സി കാപ്പന്‍ പറയുന്നു. 

കെ എം മാണിയില്ലാത്ത തെരഞ്ഞെടുപ്പിൽ മാണി സി കാപ്പനെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി വോട്ട് ചോദിക്കുകയാണ് സഹോദരൻ ജോർജ് സി കാപ്പൻ ഇപ്പോള്‍. നിയമസഭയിൽ എത്തിയില്ലെങ്കിലും സഹകരണ മേഖലയിൽ പാലായുടെ നായകനാണ് മൂന്ന് പതിറ്റാണ്ടായി കിഴ്തടിയൂർ സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റായ ജോർജ് സി കാപ്പൻ.