ഇടത് പക്ഷ പ്രസ്ഥാനതിൽ ആകെ വിവരം ഉള്ളത് ഇ പി ജയരാജന് മാത്രമാണെന്നും അദ്ദേഹത്തിന് സാമാന്യ ബോധം ഉണ്ടെന്നും അതുകൊണ്ടാണ് ഗോവിന്ദൻ മാഷിന്‍റെ ജാഥയിൽ പങ്കെടുക്കാത്തതെന്നും ഷാജി

മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടിയെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ സാധാരണക്കാരുടെ യാത്ര പോലും തടസ്സപ്പെടുത്തുകയാണ്. മുഖ്യമന്ത്രിക്ക് കറുപ്പിനോട് ഇത്രയും ഭയം. കറുപ്പിനെ പേടിച്ച് വിമാനത്തിൽ യാത്ര ചെയ്യാൻ നോക്കി. ഇപ്പോ അതിനും പേടിയാണ്. കാരണം ആകാശത്ത് കാക്കയെ കണ്ടാലോ എന്ന പേടിയാണ്. തുടർഭരണത്തിന്‍റെ ദോഷങ്ങൾ ത്രിപുരയിലും ബംഗാളിലും കണ്ടതാണ്. ഇത് തന്നെയാണ് കേരളത്തിലും ഉണ്ടാകുന്നത്. തുടർ ഭരണം രണ്ട് വർഷം എത്തിനിൽക്കുമ്പോൾ കേരളത്തിൽ പാവപ്പെട്ടവർക്ക് ജീവിക്കാൻ പറ്റുന്നില്ല എന്നതാണ് അവസ്ഥയെന്നും ഷാജി പറഞ്ഞു.

കോട്ടയത്തെ കിണറ്റിൽ നിന്ന് ശബ്ദം, വീട്ടുകാർ നോക്കിയപ്പോൾ കാട്ടുപന്നി; ഫയർഫോഴ്സ് എത്തി രക്ഷിക്കവെ ആക്രമണം

ആകാശ് തില്ലങ്കേരി വിഷയത്തിലും ഷാജി, പിണറായി സർക്കാരിനെതിരെ രൂക്ഷ വിമ‍ർശനം ഉന്നയിച്ചു. ജനാധിപത്യ സമരത്തിന് പോകുന്ന പാവപ്പെട്ടവന്‍റെ മക്കളുടെ കയ്യിൽ കൊല്ലാൻ ആയുധം കൊടുത്തുവിട്ടാൽ അത് ചോദ്യം ചെയ്യപ്പെടും. അങ്ങനെ പറഞ്ഞുവിടുന്നതൊക്കെയും പാവപ്പെട്ടവരുടെ മക്കളെ മാത്രമാണെന്നും നേതാക്കളുടെ മക്കളെ വിടാറില്ലെന്നും ഷാജി വിമർശിച്ചു. 'പിണറായി വിജയന്‍റെ മകൻ ലണ്ടനിൽ പഠിച്ച് അബുദാബിയിൽ ഉന്നത ജോലിയിലാണ്, ഇ പി ജയരാജന്‍റെ മക്കൾ എന്ത് ചെയ്യുന്നു എന്ന് എല്ലാവർക്കും അറിയാം, ഗോവിന്ദൻ മാസ്റ്ററുടെ മക്കൾ എവിടെയാണ്, എത്രമാത്രം സേഫാണ് എന്നും നമുക്കറിയാം, കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ നേതാക്കളുടെയും മക്കളും പേരക്കുട്ടികളുമടക്കം ഏറ്റവും സേഫാണ്, എന്നാൽ തെരുവിൽ മരിക്കേണ്ടത്, തെരുവിൽ ചത്ത് തുലയേണ്ടത് ഈ നാട്ടിലെ പാവപ്പെട്ടവന്‍റെ മക്കളാണ് എന്ന് വിചാരിക്കുന്ന ധാർഷ്ഠ്യത്തിന്‍റെ പേരാണ് പിണറായി വിജയനെന്നും സി പി എം എന്നും' - യൂത്ത് ലീഗിന്‍റെ പ്രതിഷേധ പരിപാടിക്കിടെ ഷാജി പറഞ്ഞു.

അതേസമയം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന പ്രചാരണ ജാഥയെയും ഷാജി വിമർശിച്ചു. ഗോവിന്ദൻ മാസ്റ്റ‌ർ നയിക്കുന്ന ജാഥയിൽ ഇതുവരെ പങ്കുചേരാത്ത ഇ പി ജയരാജന്‍റെ നടപടിയെ ഷാജി പ്രശംസിക്കുകയും ചെയ്തു. ഇടത് പക്ഷ പ്രസ്ഥാനതിൽ ആകെ വിവരം ഉള്ളത് ഇ പി ജയരാജന് മാത്രമാണെന്നും അദ്ദേഹത്തിന് സാമാന്യ ബോധം ഉണ്ടെന്നും അതുകൊണ്ടാണ് ഗോവിന്ദൻ മാഷിന്‍റെ ജാഥയിൽ പങ്കെടുക്കാത്തതെന്നും ഷാജി അഭിപ്രായപ്പെട്ടു. ജാഥയിൽ ആളെ കൂട്ടാൻ ദഫ് മുട്ട് നടത്തുന്ന ഗതി കെടിലാണ് സി പി എം ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം വിമർശിച്ചു.

YouTube video player