കണ്ണൂർ: തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നെന്ന് കെഎം ഷാജി എംഎൽഎ. രണ്ടു മൂന്നു ദിവസമായി നിരവധി ഭീഷണി കോളുകൾ വരുന്നു. സിപിഎം പാർട്ടി ഗ്രാമമായ കണ്ണൂർ പാപ്പിനിശേരിയിലെ ബോംബെ ബന്ധമുള്ള ആളാണ് ക്വട്ടേഷന് പിന്നിൽ. 25 ലക്ഷം രൂപയ്ക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷൻ ഉറപ്പിച്ച ഓഡിയോ ക്ലിപ്പ് ഉടൻ പുറത്തുവിടുമെന്ന് ഷാജി അറിയിച്ചു. ഹിന്ദിയിലാണ് ഇവരുടെ സംഭാഷണം. ഭീഷണിക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ഇപ്പോൾ പറയാനാകില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കും സ്പീക്കർക്കും പരാതി നൽകി. പൊതുപ്രവർത്തന രംഗത്ത് ശക്തമായ നിലപാടുകൾ ഉയർത്തി പിടിക്കുന്നതാണ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന് പിന്നിലെന്നും ഷാജി ആരോപിച്ചു.