തനിക്കെതിരായ സിപിഎം പ്രചാരണത്തിന് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. പ്രചരിക്കുന്നത് പഴയ പ്രസംഗമാണെന്നും വർഗീയതയല്ല പറഞ്ഞതെന്നും വ്യക്തമാക്കിയ ഷാജി, പതിനായിരങ്ങളുടെ മുമ്പിൽ നടത്തിയ പ്രസംഗമാണെന്നും വിശദീകരിച്ചു

മലപ്പുറം: തനിക്കെതിരായ സിപിഎം പ്രചാരണത്തിനെതിരെ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ഇപ്പോൾ പ്രചരിക്കുന്നത് പഴയ പ്രസംഗമാണെന്നും താൻ പറഞ്ഞത് വർഗീയതയല്ല, സ്വന്തം മതത്തെകുറിച്ചാണെന്നാണ് കെ എം ഷാജി പറഞ്ഞു. തന്‍റെ പ്രസംഗം ഉപയോഗിച്ച് ജന മനസ്സ് തിരിക്കാമെന്നത് വ്യാമോഹമാണ്. ന്യൂനപക്ഷ ഭരണഘടനാ അവകാശങ്ങൾ ഇടത് സർക്കാർ തടഞ്ഞപ്പോൾ ആണ് പ്രതികരിച്ചത്. രഹസ്യ സംസാരമല്ല, പതിനായിരങ്ങളുടെ മുമ്പിൽ നടത്തിയ പ്രസംഗമാണെന്നും ഷാജി പറഞ്ഞു.

സിപിഎം കൂടെ കൂട്ടിയ വർഗീയ സംഘടനകളെ വരെ തുറന്ന് എതിർത്തിട്ടുണ്ട്. ഉഗ്ര വിഷമുള്ളവർ അന്ന് മുന്നിൽ വന്നിട്ടും പേടിച്ചിട്ടില്ല. പിന്നല്ലേ നീർക്കോലിയും തേളും കിണറ്റിലെ തവളയെന്നുമാണ് കെ എം ഷാജിയുടെ പരിഹാസം. ഇതിനിടെ കഴിഞ്ഞ ദിവസം കെ എം ഷാജി നടത്തിയ പരാമർശങ്ങളും വിവാദമായി മാറിയിരുന്നു. തലശേരി കലാപത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാൾ പിണറായി വിജയനാണെന്ന വിവാദ പരാമർശമാണ് മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി നടത്തിയത്.

തലശേരിയിൽ സിപിഎം ആസൂത്രിതമായി നടത്തിയതാണ് കലാപം. പിണറായി വിജയനെന്ത് അർഹതയാണുള്ളതെന്നും തലശേരി കലാപത്തെക്കുറിച്ച് പറയാനെന്നും അദ്ദേഹം ചോദിച്ചു. തലശേരി കലാപത്തിന്റെ സൂത്രധാരകന്മാരിലൊലാൾ പിണറായി വിജയനടക്കമുള്ളവരാണ്. ഇക്കാര്യം താൻ പല തവണ പറഞ്ഞപ്പോൾ എന്റെ പേരിൽ കേസ് കൊടുക്കുമെന്ന് ​ഗോവിന്ദൻ മാഷ് പറഞ്ഞുവെന്നും ഷാജി പറഞ്ഞു.

ജയിൽ വേതനം കൂട്ടിയ സർക്കാർ നടപടിയെയും ഷാജി വിമർശിച്ചു. പിണറായി വിജയന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അദ്ദേഹത്തിനും കിട്ടാവുന്ന പൈസ കൂടി കണക്കിലെടുത്താണ് ജയിലിലെ കൂലി വർധിപ്പച്ചതെന്നും കെഎം ഷാജി പരിഹസിച്ചു. നാട്ടിൽ സാധാരണ ജീവിതം നയിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനവും സൗകര്യങ്ങളും നിലവിൽ ജയിലിലാണെന്നും മനുഷ്യർ ജയിലിൽ പോകാൻ വേണ്ടി മറ്റ് അതിക്രമങ്ങൾ കാണിക്കാതിരുന്നാൽ ഭാഗ്യമെന്നാണ് കരുതേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.