തിരുവനന്തപുരം: പൗരത്വ രജിസ്റ്ററിനും സെൻസസ് നടപടികൾക്കുമെതിരെ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ കെഎം ഷാജിയുടെ പരാമര്‍ശത്തെ ചൊല്ലി നിയമസഭയിൽ ബഹളം. പൗരത്വ രജിസ്റ്റർ സംബന്ധിച്ച് കേന്ദ്രം വിളിച്ച യോഗത്തിൽ എന്തിനു പോയെന്ന ചോദ്യത്തോടെയായിരുന്നു കെഎം ഷാജി വിവാദത്തിന് വഴിമരുന്നിട്ടത്. കേരളം പോയി പക്ഷെ കേന്ദ്രം വിളിച്ച യോഗത്തിന് ബംഗാൾ പോയില്ല. ബംഗാളിൽ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനേക്കാൾ ഉശിരുണ്ടെന്ന് കെഎം ഷാജി പറഞ്ഞതോടെ നിയമസഭയിൽ ഭരണപക്ഷ നിര ബഹളം വച്ചു. 

കെഎം ഷാജി സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് എം സ്വരാജ് ആരോപിച്ചു .ഷാജിയുടെ പരാമർശം മോശം എന്നു കെ കെ ഷൈലജയും പറഞ്ഞു. കെഎം ഷാജിയുടെ പ്രയോഗം ശരിയായില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണനും അഭിപ്രായപ്പെട്ടു. കെഎം ഷാജിയുടെ വാക്കുകൾ എസ്ഡിപിഐയുടേതിന് സമാനമാണെന്നായിരുന്നു വിഎസ് സുനിൽ കുമാറിന്‍റെ വാദം. 

 ഷാജിയെ പിന്തുണയ്ക്കാൻ പ്രതിപക്ഷവും രംഗത്തെത്തിയതോടെ നിയമസഭയിൽ രൂക്ഷമായ ബഹളമായി. ഒടുവിൽ പരാമർശം പിൻവലിക്കുന്നു എന്നു കെഎം ഷാജി പറഞ്ഞതോടെയാണ് ബഹളം തീര്‍ന്നത്. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ നിരയിൽ നിന്ന് ഉയര്‍ന്നത്.