മുസ്ലിം ലീഗിനുള്ളിൽ നിയമസഭാ സീറ്റിനായി കെഎംസിസി ശക്തമായി രംഗത്ത്. വ്യവസായ പ്രമുഖർക്ക് പകരം സാധാരണക്കാരായ പ്രവാസി പ്രവർത്തകർക്ക് അവസരം നൽകണം. സംസ്ഥാന എക്സിക്യൂട്ടീവിൽ ആവശ്യം ഉന്നയിച്ചതോടെ, ആരാകും ആ പ്രവാസി സ്ഥാനാർഥി എന്നതിലുള്ള ചർച്ചകൾ സജീവമായി

കോഴിക്കോട്: പ്രവാസികൾക്കും സീറ്റിനായി ശബ്ദമുയർത്തി മുസ്ലിം ലീഗിനുള്ളിൽ കെ എം സി സി. മുൻപും സീറ്റുകൾ ലഭിച്ചിട്ടുണ്ടെങ്കിലും വ്യവസായ പ്രമുഖരെന്ന പരിഗണന കൂടി നൽകിയായിരുന്നു ലഭിച്ച സീറ്റുകൾ. സാധാരണ പ്രവർത്തകർക്ക് സീറ്റ് ലഭിക്കാനാണ് കാത്തിരിക്കുന്നതെന്ന് കെ എം സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ പറഞ്ഞു. 45 വർഷമായി ചോദിച്ചു വാങ്ങിയിട്ടില്ല. ഇനിയങ്ങനെയല്ല. കെ എം സി സിക്ക് വേണ്ടിയുള്ള നിയമസഭാ സീറ്റിനായി സംസ്ഥാന എക്സിക്യൂട്ടീവിൽ തന്നെ ആവശ്യമുന്നയിച്ചിട്ടുണ്ട്. അസംബ്ലി സീറ്റ് മാത്രം പോരെന്നും ബോർഡുകളിലുൾപ്പടെ പ്രാതിനിധ്യം വേണമെന്നും ആണ് നിലപാടെന്ന് ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ വ്യക്തമാക്കി.

ആരാകും ആ സ്ഥാനാർഥി?

നിശബ്ദത കാരണമാണ് പല പ്രശ്നങ്ങളും വേണ്ടപോലെ അഭിമുഖീകരിക്കാൻ കഴിയാത്തതെന്ന് കൂടി വ്യക്തമാക്കുമ്പോൾ കെ എം സി സി നൽകുന്ന സന്ദേശം കൃത്യമാണ്. ഏത് സീറ്റെന്നോ വ്യകതിയാരെന്നോ പറയുന്നില്ല. പക്ഷെ തിരൂരങ്ങാടി പോലെ സാധ്യതയുള്ള സീറ്റുകളിലൊന്നിൽ കെ എം സി സി അൻവർ നഹയുടെ ഉൾപ്പടെ സ്ഥാനാർത്ഥിത്വം വരുമോയെന്നതിൽ ഇതോടെ ആകാംക്ഷയേറി. കെ എം സി സിക്കാകട്ടെ പ്രവാസ ലോകത്ത് നിന്ന് സ്ഥാനാർത്ഥികളെ ലഭിക്കാനും ജയപ്പിക്കാനും പഞ്ഞവുമില്ല എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ ആരാകും ആ പ്രവാസി സ്ഥാനാർഥി എന്നതിൽ ആകാംക്ഷയും നിറയുകയാണ്.