ധനവകുപ്പിലെ സീക്രട്ട് ഫയലുകളുടെ വിശദാംശങ്ങൾ സർക്കാരിന് പുറത്തുള്ള സ്വകാര്യ സംഘത്തിന് കൈമാറിയ മുഖ്യമന്ത്രിയുടെ നടപടി തീർത്തും തെറ്റെന്ന് കെ എൻ ബാലഗോപാൽ. വി ഡി സതീശൻ തെറ്റിനെ തുടർച്ചയായി ന്യായീകരിക്കുന്നുവെന്ന് പറഞ്ഞ മുൻ ധനമന്ത്രി, അദ്ദേഹം തിരുത്താൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ധനവകുപ്പിലെ സീക്രട്ട് ഫയലുകളുടെ വിശദാംശങ്ങൾ സർക്കാരിന് പുറത്തുള്ള സ്വകാര്യ സംഘത്തിന് കൈമാറിയ മുഖ്യമന്ത്രി വി ഡി സതീശൻ്റെ നടപടി തീർത്തും തെറ്റെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. വി ഡി സതീശൻ തെറ്റിനെ തുടർച്ചയായി ന്യായീകരിക്കുന്നു. മുഖ്യമന്ത്രി തിരുത്തണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.
സർക്കാർ ചുമതല ഒഴിഞ്ഞപ്പോൾ ഖജനാവിൽ 6,000 കോടി രൂപ ബാക്കിയുണ്ടെന്ന് മുൻ ധനകാര്യ മന്ത്രി പറഞ്ഞല്ലോ, അതും രഹസ്യ വിവരമല്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മാർച്ച് 31ന് സാമ്പത്തിക വർഷം അവസാനിക്കുന്ന വേളയിൽ സർക്കാരിന്റെ വരവ് ചെലവ് സംബന്ധിച്ച അന്തിമ സംഖ്യകളും ക്യാഷ് ബാലൻസും ധനകാര്യ മന്ത്രിമാർ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാറുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ജനങ്ങളോട് പറയേണ്ട വിവരങ്ങളാണവ. എന്നാൽ ധനകാര്യ വകുപ്പിന്റെ സീക്രട്ട് സെക്ഷനുകൾ കൈകാര്യം ചെയ്യുന്ന സർക്കാരിന്റെ മുഴുവൻ ഇടപാടുകളും രഹസ്യ കണക്കുകളും റിപ്പോർട്ടുകളും ദൈനംദിന വരവും ചെലവും ഭാവി വരവ് - ചെലവ് സംബന്ധിച്ച അനുമാന കണക്കുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ, സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറത്തുള്ള ഒരു സ്വകാര്യ സംഘത്തിന് കൈമാറുന്നത് തെറ്റായ നടപടിയാണ്. രാജ്യത്തൊരിടത്തും കേട്ടുകേൾവി ഇല്ലാത്ത നടപടിയാണിതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
ഈ തെറ്റാണ് തങ്ങൾ ചൂണ്ടിക്കാണിച്ചത്. എന്നാൽ സ്വന്തം പക്ഷത്ത് സംഭവിച്ച വീഴ്ച അംഗീകരിക്കാതെ വീണ്ടും വീണ്ടും തെറ്റിനെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടിട്ടുള്ളത്. അത് അദ്ദേഹം തിരുത്തണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.


