മുഖ്യമന്ത്രി അവതരിപ്പിച്ച സാമ്പത്തിക ധവളപത്രത്തെ രൂക്ഷമായി വിമർശിച്ച് മുൻ ധനമന്ത്രി. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും, ലാഭത്തിലുള്ള കൊച്ചി വിമാനത്താവളം പോലും വിൽക്കുമോ എന്ന് ആശങ്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച സാമ്പത്തിക ധവളപത്രത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കേരളത്തിന് ആറ് ലക്ഷം കോടി രൂപയുടെ കടമുണ്ടെന്നാണ് ആരോപിച്ചിരുന്നതെന്നും എന്നാൽ പുതിയ സർക്കാർ പുറത്തുവിട്ട രേഖകളിലൂടെ അന്ന് ഇടതുപക്ഷം പറഞ്ഞതായിരുന്നു ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സതീശന്റെ മുൻകാല വാദങ്ങൾ തെറ്റായിരുന്നുവെന്ന് ഇപ്പോൾ ഔദ്യോഗിക രേഖകൾ തന്നെ വ്യക്തമാക്കുന്നു. ഖജനാവിന്റെ ദിവസം തോറുമുള്ള കൃത്യമായ രേഖകൾ ഇത്തരത്തിൽ പരസ്യപ്പെടുത്തരുതെന്നും പ്രതിപക്ഷത്തെ ആക്രമിക്കാൻ വേണ്ടി മാത്രം രാഷ്ട്രീയം പറയരുതെന്നും ബാലഗോപാൽ ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ഇനി കിട്ടാനുള്ള വലിയ തുകകളെക്കുറിച്ചോ ഗ്രാന്റുകൾ കേന്ദ്രം വെട്ടിക്കുറച്ചതിനെക്കുറിച്ചോ ധവളപത്രത്തിൽ ഒന്നും പറയുന്നില്ലെന്ന് മുൻ ധനമന്ത്രി കുറ്റപ്പെടുത്തി.
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കും
പി എം ശ്രീ പദ്ധതിയിൽ മാത്രം 1500 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ടെന്നും ബാലഗോപാൽ .ചൂണ്ടിക്കാട്ടി. കേന്ദ്ര ധനകാര്യ കമ്മീഷൻ റിപ്പോർട്ട് വരുന്നതിന് മുൻപാണ് കേരളം ബജറ്റ് അവതരിപ്പിച്ചത് എന്നതിനാൽ കൂടുതൽ കേന്ദ്രവിഹിതം പ്രതീക്ഷിച്ചിരുന്നു. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കേന്ദ്രം പെട്ടെന്ന് നിർത്തിവെയ്ക്കുമെന്ന് മുൻകൂട്ടി അറിയാൻ തങ്ങൾ ജ്യോത്സ്യം പഠിച്ചിട്ടില്ലെന്നും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിർത്തിയതിന് പിണറായി വിജയനെ കുറ്റം പറയുന്നവർക്ക് ബി ജെ പിയെ കുറ്റം പറയാൻ തന്‍റേടം വേണമെന്നും യു ഡി എഫ് സർക്കാരിന് അതില്ലെന്നും അദ്ദേഹം പരിഹസിച്ചു. പട്ടികജാതി, വർഗ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് കുടിശ്ശിക മുൻ സർക്കാർ നേരത്തെ തന്നെ തീർത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സർക്കാരിന്റെ നയങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനാണെന്ന് ബാലഗോപാൽ ആരോപിച്ചു. വൈദ്യുതി മേഖല പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനാണ് സർക്കാർ നീക്കം. ഈ പോക്കാണെങ്കിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന കൊച്ചി വിമാനത്താവളം (സിയാൽ) വിറ്റഴിക്കാതിരുന്നാൽ കൊള്ളാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സർക്കാർ പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ നടപ്പിലാക്കാൻ എത്ര തുക ചിലവ് വരുമെന്നതിനെക്കുറിച്ച് ധവളപത്രത്തിൽ മിണ്ടിയിട്ടില്ലെന്നും ഈ വലിയ ചിലവിനെക്കുറിച്ച് പഠിക്കാൻ നിലവിലെ സമിതിയോട് തന്നെ സർക്കാർ ആവശ്യപ്പെടണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

