ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ അന്നത്തെ പ്രതിപക്ഷ നേതാവ്‌ ജീവനക്കാരുടെ ശമ്പളം 15 ശതമാനമെങ്കിലും വെട്ടികുറയ്‌ക്കണമെന്ന അഭിപ്രായം മുന്നോട്ടുവച്ചു. യുഡിഎഫ്‌ സർക്കാരുകളുടെ കാലത്ത്‌ 20 ശതമാനംവരെ ഡി എ കുടിശിക വരുത്തിയിട്ടുണ്ടെന്നും കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ഭരണത്തിൽ ഇരിക്കുമ്പോൾ ഒന്നു പറയുകയും പ്രതിപക്ഷത്തായാൽ മുമ്പ്‌ പറഞ്ഞത്‌ മുഴുവൻ വിഴുങ്ങി ജനങ്ങളെയും തൊഴിലാളികളെയും ജീവനക്കാരെയും പറ്റിക്കുന്ന നിലപാടല്ല എൽഡിഎഫ്‌ സ്വീകരിക്കുന്നതെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷത്തായിരിക്കുമ്പോഴും ഭരണപക്ഷത്തായിരിക്കുമ്പോഴും ഒരേ നിലപാടു തന്നെയാണ്‌ എൽഡിഎഫ്‌ സ്വീകരിക്കുന്നത്‌. ജീവനക്കാർക്ക്‌ അർഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നൽകണമെന്നുതന്നെയാണ്‌ സർക്കാർ നിലപാട്‌. ജീവനക്കാർ ബാധ്യതയാണെന്ന നിലപാട്‌ സർക്കാരിനില്ല. നല്ല ജീവനക്കാരും നല്ല സിവിൽ സർവീസും ഉണ്ടെങ്കിലെ സംസ്ഥാനത്തിന്‌ മുന്നേറാനാകുവെന്നതാണ്‌ എൽഡിഎഫ്‌ കാഴ്‌ചപ്പാട്‌. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും പങ്കാളിത്ത പെൻഷനും അടക്കമുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച്‌ സഭാ നടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസിന്‌ മറുപടി പറയുകയായിരുന്നു ധനകാര്യ മന്ത്രി.

ഉറപ്പുള്ള പെൻഷൻ (അഷ്വേർഡ്‌ പെൻഷൻ) വേണമെന്നതുതന്നെയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ നിലപാട്‌. അത്‌ സംബന്ധിച്ച്‌ പഠിക്കാൻ ധനകാര്യ മന്ത്രിയും നിയമ മന്ത്രിയും ചീഫ്‌ സെക്രട്ടറിയും അടങ്ങുന്ന ഒരു സമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. പങ്കാളിത്ത പെൻഷൻ സംബന്ധിച്ച്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കാര്യങ്ങൾക്ക്‌ ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല. കാര്യങ്ങളിൽ ഒരു വ്യക്തത വരുത്തുന്നതിന്‌ ആവശ്യമായ വിവരങ്ങൾ തേടി കേന്ദ്ര സർക്കാരിന്‌ കത്ത്‌ അയച്ചിരിക്കുകയാണ്‌. കോൺഗ്രസ്‌ ഭരണത്തിലുണ്ടായിരുന്ന രാജസ്ഥാനിലും, ഹിമാചൽ പ്രദേശ്‌, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലുമൊക്കെ പങ്കാളിത്ത പെൻഷനിൽ മാറ്റം വരുത്തുമെന്ന്‌ പറഞ്ഞെങ്കിലും കേന്ദ്ര സർക്കാർ അതിന്‌ അനുമതി നൽകയിട്ടില്ല. ഈ സാഹചര്യത്തിലും ഉറപ്പുള്ള പെൻഷൻ എന്ന നിലപാടുമായി തന്നെയാണ്‌ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌.

 ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുക എന്ന നിലപാട്‌ സർക്കാരിനില്ല. ആനുകൂല്യങ്ങളെല്ലാം കുടിശികയാണെന്ന തരത്തിലുള്ള ആക്ഷേപങ്ങളിൽ കഴമ്പില്ല. യുഡിഎഫ് സർക്കാരുകൾ ജീവനക്കാരോട്‌ എടുത്ത സമീപനമല്ല എൽഡിഎഫ്‌ സർക്കാരിനുള്ളത്‌. ജീവനക്കാർ എന്ന സംവിധാനം വേണ്ടതില്ലെന്ന അഭിപ്രായവുമില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ അന്നത്തെ പ്രതിപക്ഷ നേതാവ്‌ ജീവനക്കാരുടെ ശമ്പളം 15 ശതമാനമെങ്കിലും വെട്ടികുറയ്‌ക്കണമെന്ന അഭിപ്രായം മുന്നോട്ടുവയ്‌ക്കുന്ന ലേഖനം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. യുഡിഎഫ്‌ സർക്കാരുകളുടെ കാലത്ത്‌ 20 ശതമാനംവരെ ഡി എ കുടിശിക വരുത്തിയിട്ടുണ്ട്‌. ശമ്പള കമ്മീഷനെ നിയമിക്കുന്നതിലും അതിന്റെ റിപ്പോർട്ട്‌ നടപ്പാക്കുന്നതിലും ബോധപൂർമായ കാലതാമസം വരുത്തി. എന്നാൽ, കോവിഡ്‌ കാലത്തുപോലും ശമ്പളം പരിഷ്‌കരണം നടപ്പാക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ തയ്യാറായത്‌. ഇത്തരത്തിൽ പ്രതിസന്ധി കാലത്തും ശമ്പള പരിഷ്‌കരണം നടപ്പാക്കിയ അപൂർവ സംസ്ഥാനമാണ്‌ കേരളം.

 ജീവനക്കാർക്ക്‌ 30 ദിവസത്തെ ലീവ്‌ സറണ്ടർ ഉറപ്പാക്കിയിട്ടുള്ള ഏക സംസ്ഥാനമാണ്‌ കേരളം. ഇതൊക്കെയാണെങ്കിലും മ്പത്തിക ഞെരുക്കങ്ങൾക്കിടയിലും പ്രഖ്യാപിച്ചതിനും അധികമായി കാര്യങ്ങൾ ഏറ്റെടുക്കാനുള്ള നടപടികളിലാണുള്ളത്‌. അതാണ്‌ ജീവനക്കാർക്ക്‌ ഈ സർക്കാരിന്‌ നൽകാനുള്ള ഉറപ്പ്‌. പറഞ്ഞ കാര്യങ്ങളും, അധിലധികവും ചെയ്യുമെന്ന്‌ തന്നെയാണ്‌ സർക്കാരിന്റെ പ്രഖ്യാപിത നിലപാടെന്നും ധനകാര്യ മന്ത്രി പറഞ്ഞു.