കൊയപ്പത്തൊടി പ്ളാന്‍റേഷന്‍ എന്ന റബ്ബര്‍തോട്ടം നിയമവിരുദ്ധമായി തരംമാറ്റിയാണ് നോളജ് സിറ്റിയും എന്‍റര്‍ടെയ്ന്‍മെന്‍റ് സിറ്റിയുമെല്ലാം കെട്ടിപ്പൊക്കിയതെന്ന വിവരം ഇക്കഴിഞ്ഞ ഒക്ടോബര്‍-ജനുവരി മാസങ്ങളിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്
കോഴിക്കോട്: തോട്ടഭൂമി തരംമാറ്റിയുളള വന്‍കിടനിര്‍മാണങ്ങള്‍ക്ക് കുടപിടിച്ച കോഴിക്കോട് കോടഞ്ചേരിയിലെ റവന്യൂ അധികൃതര്‍, നിയമലംഘകരെ രക്ഷിക്കാന്‍ ചെറുകിടക്കാരെ ബലിയാടാക്കുന്നുവെന്ന് പരാതി. പതിറ്റാണ്ടുകളായി താമസിച്ച കൃഷി ചെയ്തുവന്ന ഭൂമിയെല്ലാം തോട്ടഭൂമിയെന്നാണ് ഇപ്പോള്‍ വില്ലേജ് അധികൃതര്‍ രേഖപ്പെടുത്തുന്നത്. ഇതുമൂലം വീട് നിര്‍മിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് പരാതി.
നോളജ് സിറ്റി ഉള്‍പ്പെടെ തോട്ടഭൂമി തരംമാറ്റിയുളള വന്‍കിട നിര്‍മാണങ്ങള്‍ക്ക് യാതൊരു വിലക്കുമില്ല. റവന്യൂ വകുപ്പിന്‍റെ ഇരട്ടത്താപ്പിനെതിരെ യുഡിഎഫ് ഇന്ന് കോടഞ്ചേരി വില്ലേജിനു മുന്നില്‍ സമരം നടത്തും. നിരവധി റിപ്പോര്‍ട്ടുകളിലൂടെ ഏഷ്യാനെറ്റ് ന്യൂസ് തുറന്നുകാട്ടിയ കോടഞ്ചേരിയിലെ നിയമ ലംഘനങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇതേ നിയമലംഘനത്തിന്‍റെ പേര് പറഞ്ഞാണ് ഇതേ വില്ലേജിലെ നൂറുകണക്കിന് ചെറുകിടക്കാരുടെ ജീവിതത്തെ റവന്യൂ വകുപ്പ് തടവിലിടുന്നത്. ഇതിനു പിന്നിലെ തന്ത്രമെന്തെന്നും ഇന്നാട്ടുകാര്‍ക്കറിയാം.
കൊയപ്പത്തൊടി പ്ളാന്‍റേഷന്‍ എന്ന റബ്ബര്‍തോട്ടം നിയമവിരുദ്ധമായി തരംമാറ്റിയാണ് നോളജ് സിറ്റിയും എന്‍റര്‍ടെയ്ന്‍മെന്‍റ് സിറ്റിയുമെല്ലാം കെട്ടിപ്പൊക്കിയതെന്ന വിവരം ഇക്കഴിഞ്ഞ ഒക്ടോബര്‍-ജനുവരി മാസങ്ങളിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്. ജില്ലാ ഭരണകൂടം പേരിനൊരു അന്വേഷണം നടത്തിയതല്ലാതെ, കാര്യമായ നടപടികൾ ഉണ്ടായില്ല.
എന്നാൽ നോളജ് സിറ്റിയിലെ ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്‍റെ കെട്ടിടം തകര്‍ന്ന് വീണതോടെ കെട്ടിടം നില്‍ക്കുന്നത് തോട്ടഭൂമിയിലാണെന്ന രേഖ പുറത്ത് വന്നു. ഇതോടെ ഇവിടെ നിര്‍മാണ അനുമതി നല്‍കാനാവില്ലെന്ന് പഞ്ചായത്ത് നിലപാടും എടുത്തു. ഇതിന് പിന്നാലെയാണ് പതിറ്റാണ്ടുകള്‍ക്ക് മുൻപേ തോട്ടഭൂമിയായിരുന്ന പ്രദേശങ്ങളിലുളളവര്‍ക്ക് പോലും ഇതേ കാരണം ചൂണ്ടിക്കാട്ടി നിര്‍മാണ അനുമതി നിഷേധിക്കുന്നത്. അതേസമയം കോടഞ്ചേരി വില്ലേജിനോട് ചേര്‍ന്നുളള മറ്റ് വില്ലേജികളിലൊന്നും ഈ നിയന്ത്രണം ബാധകവുമല്ല.
നോളജ് സിറ്റിയിലെ തകര്‍ന്ന വീണ കെട്ടിടത്തിന് നിര്‍മാണ അനുമതി നല്‍കാമോ എന്ന കാര്യത്തില്‍ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നിന്ന് വ്യക്തത തേടിയിരിക്കുകയാണെന്നാണ് കോടഞ്ചേരി പഞ്ചായത്തിന്‍റെ വിശദീകരണം. എന്നാല്‍ ഈ പേരില്‍ ചെറുകിടക്കാരെ ദ്രോഹിക്കുന്നതിനെതിരെയാണ് യുഡിഎഫ് പ്രതിഷേധത്തിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം കര്‍ഷക സംഘടനയായ കിഫയും ഈ വിഷയത്തില്‍ പ്രതിഷേധത്തിനിങ്ങിയിരുന്നു.
