കൊച്ചി സിറ്റി പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി സ്കൂൾ ലീഡർമാർക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരി ഉപയോഗം തടയുന്നതിനും കലാലയങ്ങളെ ലഹരി വിരുദ്ധമാക്കുന്നതിനും ലക്ഷ്യമിട്ട്, പരിശീലനം ലഭിച്ച 400-ൽ അധികം വിദ്യാർത്ഥികളെ 'തൂഫാൻ വാരിയേഴ്സ്' ആയി ചുമതലപ്പെടുത്തും.

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സ്കൂൾ ലീഡർമാർക്കായി വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ ഇടയിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്, ലഹരി ഉപയോഗവും വിൽപ്പനയും ശ്രദ്ധയിൽപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഈ പരിശീലനം ഒരുക്കിയത്. കൊച്ചി സിറ്റി പോലീസിന്‍റെ പരിധിയിലുള്ള ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കീഴിലെ വിവിധ സ്കൂളുകളിൽ നിന്നായി 400-ൽ അധികം സ്കൂൾ ലീഡർമാരാണ് ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മട്ടാഞ്ചേരി, സെൻട്രൽ, എറണാകുളം, തൃക്കാക്കര എന്നീ നാല് സബ്ഡിവിഷനുകളിലായി, ഫാത്തിമ ഗേൾസ് ഹൈസ്കൂൾ (ഫോർട്ട് കൊച്ചി), മരിയൻ ഹാൾ, എസ്. എച്ച്. കോളേജ് ഓഡിറ്റോറിയം (തേവര), ട്രാഫിക് വെസ്റ്റ് പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാൾ (എറണാകുളം), ജില്ലാ പഞ്ചായത്ത് ഹാൾ (കാക്കനാട്) എന്നിവിടങ്ങളിലാണ് പരിശീലന പരിപാടി നടന്നത്. കുട്ടികളുടെ നേതൃത്വപരമായ ഇടപെടലുകളിലൂടെ കലാലയങ്ങളെ പൂർണ്ണമായും ലഹരി വിരുദ്ധ ക്യാമ്പസുകളാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പരിശീലന പരിപാടിയിൽ പങ്കെടുത്ത സ്കൂൾ ലീഡർമാരെ 'തൂഫാൻ വാരിയേഴ്സ്' ആയി ചുമതലപ്പെടുത്തുകയും, അവർക്ക് പ്രത്യേകം ബാഡ്ജുകൾ നൽകുകയും ചെയ്യും.

അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍മാരായ ആർ. മനോജ് കുമാര്‍, സി. ആർ. സന്തോഷ്, ഇന്‍സ്പെക്ടര്‍മാരായ എ. അനൂപ്, എം. ബി. രാജേഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സോഷ്യല്‍ പോലീസിംഗ് വിംഗിലെ എസ്.ഐ മാരായ എം. ബി. സൂരജ് കുമാര്‍, മുഹമ്മദ് റാഫി, എ.എസ്.ഐ വി. എസ്. ഷിഹാബ്, സി.പി.ഒ രമ്യാമോള്‍ കെ. ആർ. എന്നിവരാണ് ക്ലാസ്സുകള്‍ നയിച്ചത്.