തിരുവനന്തപുരം: ഓണ്‍ ലൈൻ വഴി മദ്യ വില്പനക്കുള്ള ബുക്കിംഗിനായി ബെവ്കോ ഇന്ന് സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തും. അതേ സമയം ബാറുകള്‍ തുറക്കാൻ അനുമതി നൽകിയാൽ പാഴ്സൽ വിൽക്കാൻ താൽപര്യമില്ലെന്നാണ് ബാറുടമകളടുടെ നിലപാട്.

21 കമ്പനികളുടെ അപേക്ഷകളിൽ നിന്നാണ് എറണാകുളം ആസ്ഥാനമായ ഒരു കമ്പനിയെ സാങ്കേതിക സമിതി തെരെഞ്ഞെടുത്തത്. സ്റ്റാർട്ട് അപ്പ്  മിഷനും, ഐടി മിഷനും ബെവ്ക്കോ പ്രതിനിധിയും അടങ്ങുന്ന സമിതിയാണ് കമ്പനിയെ തെരെഞ്ഞെടുത്തത്. ഇന്ന് കമ്പനി പ്രതികളുമായി വീണ്ടും ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമാധാരണയിലേക്ക് നീങ്ങുക. 

18നോ 19 മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. അതിനു മുൻപായി ഓണ്‍ ലൈൻ ടോക്കണ്‍ സംബന്ധിച്ച് ട്രയൽ നടത്തും. ബാറുകളിൽ നിന്നുള്ള പാഴ്സൽ വില്പനക്കും ഓൺ ലൈൻ ബുക്കിംഗ് വേണം. ബാറുകളിലെ മദ്യം പാഴ്സൽ വില്പന നടത്തേണ്ടത് ബെവ്കോയിലെ അതേ വിലയിലാണ്.

അതിനാൽ തന്നെ ബാറുടമകൾ പാഴ്സൽ വില്പനയോട് വലിയ താല്പര്യം കാണിക്കുന്നില്ല. ബാറുകളിലെ പാഴ്സൽ വില്പനക്ക് പിന്നിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷനേതാവിൻറെ ആരോപണം.എന്നാൽ ഇത് തത്കാലിക നടപടി മാത്രമാണെന്ന് സർക്കാർ വിശദീകരിക്കുന്നു.