കൊച്ചി: എറണാകുളം എംജി റോഡിലെ വ്യാപാരസ്ഥാപനങ്ങള്‍ കൈയ്യേറിയ കോടിക്കണക്കിന് രൂപയുടെ ഭൂമി തിരിച്ച് പിടിക്കാന്‍ കൊച്ചി നഗരസഭ. ഭരണത്തിന്റെ അവസാന ലാപ്പില്‍ ഊര്‍ജ്ജിതമാക്കിയ നടപടികള്‍ക്ക് പക്ഷേ കോടതിയില്‍ നിന്ന് കൂടി അനുമതി കിട്ടണം. 16 സെന്റ് ഭൂമി കൈയ്യേറിയവര്‍ നേടിയ സ്റ്റേ ഒഴിവാക്കാന്‍ പോലും സാധിക്കാത്തത് നഗരസഭയുടെ പിടിപ്പുകേട് കാരണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

നഗരഹൃദയത്തിലെ 16 സെന്റ് ഭൂമിയിലെ ഓരോ സെന്റിനും ഒരു കോടിയിലധികം രൂപ വില വരും. ഉടമസ്ഥത കൊച്ചി നഗരസഭക്കാണ്. പക്ഷേ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങള്‍ ഭൂമി തോന്നിയപോലെ കൈയ്യേറി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി, പാര്‍ക്കിഗിനായും ഉപയോഗിച്ച് വരികയാണ്. 

ജേക്കബ്‌സ് ഡിഡി മാള്‍ മുതല്‍ ഷേണായീസ് വരെയുള്ള പ്രദേശങ്ങളിലാണ് കൈയ്യേറ്റങ്ങള്‍. കൈയ്യേറ്റം ഒഴിപ്പിച്ച് ഇവിടെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കോംപ്ലക്‌സ് പണിയണമെന്ന് നഗരസഭ പദ്ധതിയിട്ടിട്ട് വര്‍ഷം പലതായി. കയ്യേറ്റക്കാരുമായി തര്‍ക്കമാകുകയും ഇതോടെ നഗരസഭയുടെ നടപടികള്‍ക്കെതിരെ ഇവര്‍ കോടതിയില്‍ നിന്ന് സ്റ്റേ നേടുകയുമായിരുന്നു. സമയം പരിമിതമെങ്കിലും നടപടികള്‍ കടുപ്പിക്കുമെന്നാണ് കൊച്ചി മേയര്‍ പറയുന്നത്.
 
എന്നാല്‍ നഗരസഭയുടെ നടപടികളില്‍ ആത്മാര്‍ത്ഥത ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഒമ്പത് സെന്റ് ഭൂമി കൂടി കൈയ്യേറിയതായി കാണാമെന്നും പ്രതിപക്ഷം പറയുന്നു.