കൊച്ചി: ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് മുമ്പ് കൊച്ചി കോ‍ർപ്പറേഷനിൽ എൽഡിഎഫ് - യുഡിഎഫ് കൂട്ടയടിയും തമ്മിൽത്തല്ലും. ഉച്ചയ്ക്ക് 2 മണിക്കാണ് ഡെപ്യൂട്ടി മേയ‍ർ തെരഞ്ഞെടുപ്പ് തുടങ്ങാനിരുന്നത്. യുഡിഎഫ് അംഗങ്ങൾ രണ്ട് മണിയോടെ കൗൺസിൽ ഹാളിലെത്തിയെങ്കിലും എൽഡിഎഫ് അംഗങ്ങൾ വരാൻ വൈകി. വൈകിയവരെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം തുടങ്ങി. ആര് പങ്കെടുക്കണം, വേണ്ട എന്നത് തന്‍റെ വിവേചനാധികാരമാണെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് നിലപാടെടുത്തതോടെ, കളക്ടർ പക്ഷപാതിത്വം കാണിക്കുകയാണെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ കളക്ടർക്കെതിരെ പ്രതിഷേധം തുടങ്ങി. ഒടുവിൽ യുഡിഎഫ് അംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. എൽഡിഎഫിന്‍റെ കെ എ അൻസിയ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 

രാവിലെ മേയർ തെരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയായതാണ്. ഉച്ച തിരിഞ്ഞ് 2 മണിക്ക് തുടങ്ങേണ്ട ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് എൽഡിഎഫ് അംഗങ്ങൾ വരാൻ അൽപം വൈകി. ആദ്യം വോട്ടെടുപ്പിനായി ഹാളിൽ എത്തിയത് യുഡിഎഫ് അംഗങ്ങളാണ്. 2.05-ന് ഹാളിൽ കയറാത്ത ആരെയും കയറ്റരുതെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. അപ്പോഴേക്ക് എൽഡിഎഫ് അംഗങ്ങൾ നിരവധിപ്പേർ എത്തിത്തുടങ്ങിയിരുന്നു. യുഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളി തുടങ്ങിയതോടെ ഇരുപക്ഷവും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. യുഡിഎഫ് അംഗങ്ങൾ കൗൺസിൽ ഹാൾ പൂട്ടിയതോടെ രണ്ട് വിഭാഗവും തമ്മിൽ കയ്യാങ്കളിയായി. ഒടുവിൽ ജില്ലാ കളക്ടർ തീരുമാനിക്കണമെന്നാവശ്യമുയർന്നു. 

എന്നാൽ എൽഡിഎഫ് അംഗങ്ങൾ അടക്കം വന്ന് വോട്ട് ചെയ്ത് പോകട്ടെയെന്നാണ് കളക്ടർ തീരുമാനിച്ചത്. വോട്ടെടുപ്പ് എപ്പോൾ നടത്തണമെന്നത് തന്‍റെ വിവേചനാധികാരമാണ്. അതിൽ എതിർപ്പുണ്ടെങ്കിൽ യുഡിഎഫ് അംഗങ്ങൾക്ക് നിയമപരമായി പരാതിയുമായി മുന്നോട്ടുപോകാമെന്നും കളക്ടർ എസ് സുഹാസ് വ്യക്തമാക്കി. എന്നാലിത് കേൾക്കാൻ കൂട്ടാക്കാതിരുന്ന യുഡിഎഫ് പ്രവർത്തകർ വൻ പ്രതിഷേധം തുടങ്ങി. 

ഇതിനിടെ റജിസ്റ്ററിൽ ചില എൽഡിഎഫ് അംഗങ്ങൾ ഒപ്പിടാൻ തുടങ്ങിയതോടെ വൻ പ്രതിഷേധം ഉയർന്നു. ചിലർ റജിസ്റ്റർ വലിച്ചുകീറി. അങ്ങോട്ടും ഇങ്ങോട്ടും ബലപ്രയോഗമായി.

എന്നാൽ യുഡിഎഫിന്‍റെ വാദം നിലനിൽക്കില്ലെന്ന വാദത്തിൽ ജില്ലാ കളക്ടർ ഉറച്ചുനിന്നു. എന്നാൽ ആരൊക്കെയാണ് ഒപ്പിട്ടത് എന്ന് റജിസ്റ്റർ പരിശോധിക്കണമെന്ന് യുഡിഎഫ് അംഗങ്ങളും ആവശ്യപ്പെട്ടു. ഒടുവിൽ യുഡിഎഫ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു. 

ദൃശ്യങ്ങൾ കാണാം: