Asianet News MalayalamAsianet News Malayalam

അനുമതിയില്ലാതെ അഭിമുഖം, പൊലീസുകാരന് സസ്പെന്‍ഷന്‍; വിവാദ നടപടിയുമായി വീണ്ടും ഐശ്വര്യ ഡോങ്റെ

പൊലീസുകാരനെതിരെ പണപ്പിരിവ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍, വിശദമായ അന്വേഷണം നടത്താൻ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷ്ണറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.  

kochi dcp aishwarya dongre suspend civil police officer ps reghu
Author
Kochi, First Published Mar 2, 2021, 6:42 AM IST

കൊച്ചി: വിവാദ നടപടിയുമായി വീണ്ടും കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ. കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ കോഫി മെഷീൻ സ്ഥാപിക്കാൻ മുൻകയ്യെടുത്ത സിവില്‍ പൊലീസ് ഓഫീസര്‍ സിപി രഘുവിനെ സസ്പെന്റ് ചെയ്തു. മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫീ മെഷീന്‍റെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങള്‍ക്ക് അ്ഭിമുഖം കൊടുത്തതിനുമാണ് നടപടി. 

പൊലീസുകാരനെതിരെ പണപ്പിരിവ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍, വിശദമായ അന്വേഷണം നടത്താൻ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷ്ണറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.  അതേസമയം, ഉദ്ഘാടന ചടങ്ങിൽ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീർക്കലാണ് നടപടിക്കു പിന്നിലെന്നാണ് പൊലീസുകാര്‍ക്കിടയിലെ സംസാരം.

സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്റ്റേഷൻ കൂടുതൽ ജനസൗഹൃദമാക്കാൻ സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും തണുത്ത വെള്ളവും നൽകുന്ന പദ്ധതി നടപ്പാക്കിയതിന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നതിനിടെയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനെ തേടി സസ്പെന്‍ഷന്‍ എത്തുന്നത്. നേരത്തേ കൊവിഡ് ഭീതി രൂക്ഷമായിരിക്കെ തെരുവിൽ ഭക്ഷണമില്ലാതെ കഴിയുന്നവർക്കും തെരുവുനായകൾക്കും ഭക്ഷണം  നൽകി കളമശേരി പൊലീസ് സ്റ്റേഷൻ മാതൃകയായിരുന്നു.  

മഫ്തിയിലെത്തിയ പുതിയ ഡിസിപിയെ തിരിച്ചറിയാതെ പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ച കൊച്ചി ഡിസിപിയുടെ നടപടി നേരത്തെ വിവാദമായിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ പെലീസുകാരിക്കെതിരെയായിരുന്നു നടപടി. പുതുതായി ചുമതലയേറ്റ ശേഷം മഫ്തിയിലെത്തിയ ഡിസിപിയെ പൊലീസുകാരി തടഞ്ഞ് വിവരങ്ങള്‍ അന്വേഷിച്ചതായിരുന്നു പ്രകോപനം. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സാധാരണ നടത്തുന്ന പരിശോധനയായിരുന്നെന്നും മഫ്തിയിലെത്തിയതിനാല്‍ തിരിച്ചറിഞ്ഞില്ലെന്ന് വിശദീകരണം നല്‍കിയിട്ടും പൊലീസുകാരിയെ പാറാവ് ജോലിയില്‍‌ നിന്ന് ട്രാഫിക്കിലേക്ക് മാറ്റി. ഡിസിപിയുടെ ഈ നടപടിയും വിവാദമായിരുന്നു.

Follow Us:
Download App:
  • android
  • ios