സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് റിനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും പിന്നീട് വിട്ടയച്ചതാണെന്നും പൊലീസ്

കൊച്ചി: കൊച്ചിയിൽ യുവാവിന് പൊലീസ് മർദ്ദനമേറ്റതായി പരാതി. കാക്കനാട് സ്വദേശി റിനീഷിനാണ് മർദ്ദനമേറ്റത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച് ഒ മർദ്ദിച്ചെന്നാണ് പരാതി. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. ലാത്തികൊണ്ട് കാലിനും കൈ കൊണ്ട് മുഖത്തും എസ് എച്ച്.ഒ അടിച്ചെന്ന് റിനീഷ് പറയുന്നു. അടിയിൽ ലാത്തി പൊട്ടിയെന്നും റിനീഷ് പറഞ്ഞു.

നോർത്ത് പാലത്തിനടിയിൽ ഇന്നലെ 12.45 ഓടെ ഇരുന്നതാണ് മർദ്ദിക്കാൻ കാരണമെന്നാണ് റിനീഷ് പറയുന്നത്. "ഞാനൊരു മാൻപവർ കമ്പനിയിൽ വർക്ക് ചെയ്യുകയാണ്. ഹോട്ടലുകളിലേക്ക് ജോലിക്കാരെ തപ്പി കുറേനേരം നടന്നിട്ട് ഉച്ചയോടെയാണ് നോർത്തിലെത്തിയത്. അവിടെ ഒരു കടയിൽ നിന്ന് നാരങ്ങാവെള്ളം കുടിച്ചിട്ട് തണലത്ത് വിശ്രമിക്കുകയായിരുന്നു. ഞാനും എന്റെ ഒപ്പം വേറൊരു ഫീൽഡ് ഓഫീസർ സാറും ഉണ്ടായിരുന്നു. ഞങ്ങളവിടെ പോയിരുന്നു. ഞാൻ ചെവിയിൽ ഹെഡ്സെറ്റ് വെച്ച് പാട്ട് കേട്ട് ഇരിക്കുകയായിരുന്നു. ആരും വരുന്നത് ഞാൻ കണ്ടില്ല."

"കുറച്ച് നേരം കഴിഞ്ഞപ്പോൾ വടിയും കൊണ്ട് ഒരാൾ വരുന്നത് കണ്ടു. അത് പൊലീസാണെന്ന് തോന്നി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. എന്താണ് ഇവിടെയിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തണലായത് കൊണ്ട് ഇരുന്നതാണെന്ന് പറഞ്ഞു. വീടെവിടെയാണെന്ന് ചോദിച്ചപ്പോൾ കാക്കനാടാണെന്ന് പറഞ്ഞു. കാക്കനാട് വീടുള്ളവൻ എറണാകുളം നോർത്ത് പാലത്തിന്റെ കീഴിലെന്തിനാ വന്നിരിക്കുന്നതെന്ന് ചോദിച്ചു. ഇവിടെ ഇരിക്കാൻ പാടില്ലെന്ന് അറിയാൻ പാടില്ലായിരുന്നുവെന്ന് ഞാൻ മറുപടി കൊടുത്തു. മൊബൈൽ കൊടുക്കാൻ പറഞ്ഞപ്പോ പറ്റില്ലെന്ന് പറഞ്ഞ് ഞാൻ ഫോൺ പോക്കറ്റിലിട്ടു. പിന്നെ പരിശോധിക്കണമെന്ന് പറഞ്ഞു. ശരി പരിശോധിക്ക് സാറേന്ന് പറഞ്ഞ് ഞാൻ നിന്നു. പോക്കറ്റിലെന്താണ് ഉള്ളതെന്ന് ചോദിച്ചു. ഹെഡ്സെറ്റ് മാത്രമേയുള്ളൂവെന്ന് പറഞ്ഞപ്പോൾ ലാത്തിവെച്ച് കാലിനടിച്ചു. അടിച്ച വഴിക്ക് ലാത്തി പൊട്ടി. എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചപ്പോ മുഖത്ത് കൈവീശി ആവർത്തിച്ച് അടിച്ചു. അങ്ങനെ നാല് പ്രാവശ്യം പഠിച്ചു. നിന്നെ സ്റ്റേഷനിൽ കൊണ്ടുപോകാം, കാണിച്ച് തരാമെന്ന് പറഞ്ഞ് വലിച്ച് വേറൊരു സാറ് ജീപ്പിൽ കയറ്റി. പൊലീസ് സ്റ്റേഷനിൽ വെച്ച് പരിശോധിച്ചു. ഒന്നും ഉണ്ടായിരുന്നില്ല. അവിടെ വെച്ച് എനിക്ക് തലകറങ്ങി. പിന്നീട് ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയിൽ ഡോക്ടറോട് മർദ്ദനമേറ്റ കാര്യം പറഞ്ഞു. അപ്പോൾ അവിടെ വെച്ച് രണ്ട് വട്ടം ഛർദ്ദിച്ചു' - എന്നും റിനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

YouTube video player

 പൊലീസ് സ്റ്റേഷനിൽ ചർദ്ദിച്ചതിനെ തുടർന്ന് പൊലീസുകാർ റിനീഷിനെ ആശുപത്രിയിലാക്കുകയായിരുന്നു. എന്നാൽ റിനീഷിനെ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസ് വാദം. സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് റിനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും പിന്നീട് വിട്ടയച്ചതാണെന്നും പൊലീസ് പറയുന്നു. പൊലീസ് മർദ്ദനത്തിൽ അന്വേഷണം വേണമെന്ന് ഉമ തോമസ് എം എൽ എ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും തൃക്കാക്കര എംഎൽഎ വ്യക്തമാക്കി.