Asianet News MalayalamAsianet News Malayalam

കൊച്ചി-മംഗളൂരു ഗെയിൽ പ്രകൃതി വാതക പദ്ധതി പ്രധാനമന്ത്രി ഇന്ന് കമ്മീഷൻ ചെയ്യും

ഓൺലൈനായുള്ള ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും പങ്കെടുക്കും. കൊച്ചി ഏലൂരിലെ ഗെയിൽ ഐ പി സ്റ്റേഷനാണ് ഉദ്ഘാടന വേദി.

kochi Mangalore Gail pipeline to be commissioned by prime minister
Author
Kochi, First Published Jan 5, 2021, 7:21 AM IST

കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി - മംഗളൂരു പ്രകൃതിവാതക പദ്ധതി ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും. കൊച്ചി മുതൽ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതിവാതക വിതരണം. വ്യവസായശാലകൾക്ക് പുറമെ എറണാകുളം മുതൽ വടക്കോട്ടുള്ള ഏഴ് ജില്ലകളികളിൽ വാഹന - ഗാർഹിക വാതക വിതരണത്തിനുള്ള സാധ്യതക്ക് കൂടിയാണ് ഇതോടെ വഴിതുറക്കുന്നത്. 

ഓൺലൈനായുള്ള ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും പങ്കെടുക്കും. കൊച്ചി ഏലൂരിലെ ഗെയിൽ ഐ പി സ്റ്റേഷനാണ് ഉദ്ഘാടന വേദി.

വലിയ ജനകീയപ്രതിഷേധങ്ങള്‍ക്കും, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നത്. ജനവാസമേഖലയിലൂടെയുള്ള പൈപ്പിടലിനെതിരെ പ്രതിഷേധം ശക്തമായതോടെ ഒരു ഘട്ടത്തിൽ പദ്ധതി തന്നെ മുടങ്ങുന്ന അവസ്ഥയിലെത്തിയിരുന്നു.

വൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലിൽ നിന്ന് തുടങ്ങുന്ന വിതരണ ശൃംഖല എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകൾ പിന്നിട്ട് മംഗളൂരുവിലെത്തും. വ്യവസായങ്ങൾക്കും,വാഹനങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കും പ്രകൃതിവാതകം ഉറപ്പാക്കാം. കൊച്ചിയിലെ ഫാക്ട് ( FACT ), ബിപിസിഎൽ (BPCL), മംഗളൂരു കെമിക്കൽസ് ആന്‍റ് ഫെർട്ടിലൈസേഴ്സ് എന്നീ കമ്പനികൾക്ക് 
ആദ്യഘട്ടത്തിൽ പ്രകൃതിവാതകം വിതരണം ചെയ്യും. എറണാകുളം മുതൽ കാസർകോട് വരെയുള്ള മുഴുവൻ ജില്ലകളിലും ടാപ് ഓഫ് സ്റ്റേഷൻ ഉൾപ്പടെ 28 കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്ന് കണക്ഷനെടുത്ത് വാഹനങ്ങൾക്കും, ഗാർഹിക ആവശ്യങ്ങൾക്കും പ്രകൃതിവാതകം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലേക്കെത്തിക്കാം. 

ഏറെ ശ്രമകരമായിരുന്ന പൈപ്പിടൽ പൂർത്തിയാക്കിയത് ഗെയിൽ ഇന്ത്യ ലിമിറ്റഡ് ആണ്. ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ചുമതല അദാനി ഗ്യാസ് ലിമിറ്റഡിനും. കൊച്ചിയിൽ നിന്ന് പാലക്കാട് കൂറ്റനാട് വരെയുള്ള 90കിലോമീറ്റർ 2019ൽ കമ്മീഷൻ ചെയ്തിരുന്നു. പ്രധാന ജംഗ്ഷനായ കൂറ്റനാട് നിന്നാണ് 354 കിലോമീറ്റർ ദൂരത്തുള്ള മംഗളൂരുവിലേക്കും, 525 കിലോമീറ്റർ ദൂരത്തുള്ള ബെംഗളൂരുവിലേക്കും പൈപ്പ് ലൈൻ തുടങ്ങുന്നത്.

Follow Us:
Download App:
  • android
  • ios