കൊച്ചിയിലെ മേയറെ പാർട്ടി തീരുമാനിക്കുമെന്നും താൻ ഒരു ക്ലെയിമും ഉന്നയിക്കില്ലെന്നും ദീപ്തി മേരി വർഗീസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട്.

കൊച്ചി: കൊച്ചിയിലെ മേയറെ പാർട്ടി തീരുമാനിക്കുമെന്നും താൻ ഒരു ക്ലെയിമും ഉന്നയിക്കില്ലെന്നും ദീപ്തി മേരി വർഗീസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട്. പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്ന ആൾ തന്നെയാവണമല്ലോ മേയർ എന്നും ദീപ്തി മേരി ചൂണ്ടിക്കാട്ടി. ഒരു ഘടകം മാത്രമല്ല എല്ലാ ഘടകങ്ങളും പരിഗണിക്കും. സാമുദായിക സമവാക്യങ്ങൾ അടക്കം എല്ലാം പാർട്ടി പരിഗണിക്കും എന്നും ദീപ്തി വ്യക്തമാക്കി. ‘’ജനങ്ങള്‍ തന്ന വിജയമാണിത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന വിജയമാണിത്. യുഡിഎഫ് ഭരണത്തിൽ വരണമെന്നും കൊച്ചി നഗരത്തെ കൂടുതൽ വികസിതമാക്കണമെന്നും കൂടുതൽ സുരക്ഷിതമാക്കണമെന്നും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം പോലെ തന്നെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങള്‍ അതുമായി തീര്‍ച്ചയായും മുന്നോട്ട് പോകും. വോട്ട് ചെയ്ത എല്ലാ ആളുകള്‍ക്കും യുഡിഎഫിന് പിന്തുണ നൽകിയ എല്ലാ ആളുകള്‍ക്കും ഞാനെന്‍റെ ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു.'' ഭൂരിപക്ഷം ലഭിച്ചാൽ നേതൃത്വമാണ് തീരുമാനമെടുക്കുകയെന്നും കൊച്ചി മേയര്‍ പദവിയെക്കുറിച്ച് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

കൊച്ചി മേയർ സ്ഥാനത്തേക്ക് പാർട്ടി തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുന്നത്: ദീപ്തി മേരി