കൊച്ചി: കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്ന്  മേയർ സൗമിനി ജെയിന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കും. സോഷ്യൽ മീഡിയ വഴി തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളോട് പ്രതികരിക്കാനില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് എറണാകുളത്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് സൗമിനി ജെയിന്‍ അറിയിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൊച്ചി മേയറുടെ സജീവ പങ്കാളിത്തം ഇല്ല എന്ന തരത്തിലുള്ള പ്രചാരണങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് മേയറുടെ പ്രതികരണം. 

ഹൈക്കോടതി ഉത്തരവ്  കോർപ്പറേഷന് ലഭിച്ചാൽ ഉടൻതന്നെ മറൈൻഡ്രൈവിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കും എന്നും മേയർ പറഞ്ഞു. മറ്റൊരു സ്ഥലം കണ്ടെത്തി കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി കോർപ്പറേഷൻ തയ്യാറാക്കുമെന്നും അവര്‍ അറിയിച്ചു. മറൈന്‍ ഡ്രൈവ് വോക് വേയില്‍ ഉള്ള എല്ലാ അനധികൃത വ്യാപാരസ്ഥാപനങ്ങളും ഉടന്‍ പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.