ഒരേ സമയം പല സ്ഥലത്ത് നിർമാണം നടത്തും. ഇതിനായി റോഡിന്റെ നടുഭാഗത്ത് എട്ട് മീറ്ററോളം സ്ഥലം ആവശ്യമാണെന്നും ബെഹ്റ
കൊച്ചി: ഏറെക്കാലമായി കാത്തിരുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം ട്രാക്കിലേക്ക്. ഫേസ് ടു പിങ്ക് ലൈൻ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഘട്ടത്തിനായി ടെണ്ടർ വിളിച്ചു. 20 മാസം കൊണ്ട് പാലം നിർമാണം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഘട്ടത്തിന്റെ ടെണ്ടർ വിളിച്ചിരിക്കുന്നത്. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് രണ്ടാം ഘട്ടത്തിന്റെ നിർമ്മാണത്തിനായുള്ള ബാങ്ക് വായ്പ നൽകും.
1016 കോടി രൂപയാണ് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് വായ്പ അനുവദിക്കുക. ബാങ്ക് അധികൃതർ പരിശോധനയ്ക്കായി അടുത്തയാഴ്ച കൊച്ചിയിലെത്തും. നിർമാണ കരാർ നവംബറിൽ നൽകുമെന്നും കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 20 മാസം കൊണ്ട് പാലം നിർമ്മാണത്തിന് സമാന്തരമായി ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കാനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഉദ്ദേശിക്കുന്നുണ്ട്. ഒരേ സമയം പല സ്ഥലത്ത് നിർമാണം നടത്തും. ഇതിനായി റോഡിന്റെ നടുഭാഗത്ത് എട്ട് മീറ്ററോളം സ്ഥലം ആവശ്യമാണെന്നും ബെഹ്റ പറഞ്ഞു.
രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായാൽ മെട്രോ ടിക്കറ്റ് പൂർണമായും ഡിജിറ്റൽ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊമേഴ്സ്യൽ സ്പേസും , പാർക്കിങ് സ്ഥലവും ഒന്നാം ഘട്ടത്തിലേതിലും കുറവായിരിക്കുമെന്ന് ബെഹ്റ ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ ഡിസംബറിൽ പ്രവർത്തന ക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
