കൊച്ചി ഇടപ്പള്ളിയിൽ സ്വകാര്യ ബസ് ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ടെന്ന്പരാതി. സംഭവത്തിൽ ബസ് ഡ്രൈവർക്കും ഇരുചക്ര വാഹന യാത്രക്കാർക്കുമെതിരെ പൊലീസ് കേസെടുത്തു.

കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ്സിന്‍റെ പരാക്രമം. ഇടപ്പള്ളിയിൽ ഹോൺ മുഴക്കി കടന്നു പോകാൻ ശ്രമിച്ച ബസ്, ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ടു. ചോദ്യം ചെയ്ത യുവാവിന്‍റെ വണ്ടിയിൽ വീണ്ടും മൂന്ന് തവണ ഇടിപ്പിച്ചെന്നാണ് പരാതി. ഫോർട്ട് കൊച്ചി സ്വദേശി മുഹമ്മദ് റിസ്വാൻ സഞ്ചരിച്ച സ്കൂട്ടറാണ് ഇടിച്ചിട്ടത്. എറണാകുളം - തേവര റൂട്ടിൽ സർവീസ് നടത്തുന്ന വാഹ്ബിയ ബസ്സാണ് ഇടപ്പള്ളിയിൽ അപകടം ഉണ്ടാക്കിയത്.

ഇതോടെ റിസ്വാനും മറ്റൊരു സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് ആശയും ചേർന്ന് ചോദ്യം ചെയ്തപ്പോൾ ബസ് ഡ്രൈവറുടെ ഭാഗത്തു നിന്ന് അസഭ്യ വർഷവും കയ്യേറ്റവും ഉണ്ടായെന്നാണ് പരാതി. തുടർന്ന് യുവതി ബസ് തടഞ്ഞു. 'വാഹ്ബിയ' ബസ് ഡ്രൈവർ മുഹമ്മദ് റിയാസിനെതിരെ കേസ് എടുത്തു. ഡ്രൈവറുടെ പരാതിയിൽ കൊച്ചി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, ആശ എന്നിവർക്കെതിരെയും കേസെടുത്തു.

സ്വകാര്യ ബസ് ഡ്രൈവർ പരാക്രമം നടത്തിയിട്ടും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സഹായിച്ചില്ലെന്ന് സ്കൂട്ടർ യാത്രക്കാർ പറയുന്നു. ബസ് സ്കൂട്ടറിനെ ഇടിച്ചിട്ടിട്ട് ഉദ്യോഗസ്ഥൻ തട്ടിക്കയറിയത് സ്കൂട്ടർ യാത്രക്കാരോടാണ് എന്നാണ് പരാതി. ട്രാഫിക് പൊലീസ് ബസ്സുകാരുടെ പക്ഷം പിടിച്ചെന്ന് സ്കൂട്ടർ യാത്രക്കാർ പറയുന്നു. അതേസമയം റോഡ് ബ്ലോക്ക് ആവാതിരിക്കാനാണ് ഇരുചക്ര വാഹന യാത്രികരെ റോഡിൽ നിന്ന് മാറ്റിയത് എന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്.

YouTube video player