കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഗൾഫിലേക്കുള്ള ആറ് സർവീസുകൾ റദ്ദാക്കി വിവിധ വിമാനക്കമ്പനികൾ. എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഫ്ലയ്നാസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളാണ് സർവീസുകൾ റദ്ദാക്കിയത്. സൗദിയിലെ ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കൊച്ചി: സൗദിയിലെ ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഗൾഫിലേക്കുള്ള ആറ് സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നിവയുടെ രണ്ട് സർവീസുകളും ഫ്ലയ്നാസ്, ഇൻഡിഗോ എന്നിവയുടെ ഓരോ സർവീസുമാണ് റദ്ദാക്കിയത്. ഒക്ടോബർ 12ന് ഉള്ള ആകാശ ഏയറിന്റെ മൂന്ന് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർ എയർപോർട്ടിലേക്ക് പുറപ്പെടുന്നതിനു മുമ്പ്, അതത് എയർലൈനുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പാക്കണം എന്ന് സിയാൽ അധികൃതർ അറിയിച്ചു.

ഇന്ന് റദ്ദാക്കിയ സർവീസുകൾ

  1. ഫ്ലൈനാസ് XY 399/400 - കൊച്ചി-റിയാദ്-കൊച്ചി
  2. എയർ ഇന്ത്യ എക്സ്പ്രസ് IX 476 - ദോഹ-കൊച്ചി
  3. എയർ ഇന്ത്യ എക്സ്പ്രസ് IX 475 - കൊച്ചി-ദോഹ
  4. ആകാശ എയർ QP 523 - കൊച്ചി-റിയാദ്
  5. ആകാശ എയർ QP 550 - കൊച്ചി-ജിദ്ദ
  6. ഇൻഡിഗോ 6E 1517

ശനിയാഴ്ച സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) ആണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശുകാരും ഉൾപ്പെടുന്നു. കൂടാതെ അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, പലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരും മരിച്ചവരിൽ ഉൾപ്പെടുന്നു.

പരിക്കേറ്റ 309 പേരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണ്. സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഈ ആക്രമണത്തെ അപലപിച്ച് നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയും ആക്രമണങ്ങൾ നടന്നിരുന്നു. ഈ ആക്രമണങ്ങളിൽ മൂന്നുപേർ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജിഎസിഎ വ്യക്തമാക്കി.