കൊച്ചിയിൽ ഒരേ ട്രാഫിക് നിയമലംഘനത്തിന് ഒരു വാഹനത്തിന് രണ്ടുതവണ പിഴ ചുമത്തിയ സംഭവത്തിൽ നടപടി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന്, അനധികൃതമായി ചുമത്തിയ പിഴ ട്രാഫിക് പൊലീസ് റദ്ദാക്കി. സാങ്കേതിക പിഴവാണെന്നാണ് പൊലീസ് വിശദീകരണം. 

കൊച്ചി: ഒരു സ്ഥലത്ത് നടന്ന ട്രാഫിക് നിയമ ലംഘനത്തിന്‍റെ ചിത്രമുപയോഗിച്ച് ഒരു വാഹനത്തിന് ഒരു ദിവസം രണ്ടു തവണ പിഴ ചുമത്തിയ സംഭവത്തിൽ അനധികൃതമായി ചുമത്തിയ പിഴ റദ്ദാക്കി കൊച്ചി ട്രാഫിക് പൊലീസ്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥര്‍ക്കു പറ്റിയ സാങ്കേതിക പിഴവെന്ന് വിശദീകരണം. വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നൽകിയിട്ടുണ്ട്. പരാതി ഉന്നയിച്ച യുവാവിനോട് ഖേദ പ്രകടനം നടത്തി പൊലീസ്.

കഴിഞ്ഞ ദിവസം ഈ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസ് നടപടിയ്ക്കെതിരെ വലിയ രോഷമാണ് വാര്‍ത്തയ്ക്ക് പിന്നാലെ നവമാധ്യമങ്ങളില്‍ ഉയര്‍ന്നത്. എന്തായാലും ആ സംഭവത്തില്‍ സിറ്റി ട്രാഫിക് എസിപിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. പരാതിക്കാരനായ യുവാവിനോട് നേരിട്ട് ഖേദം രേഖപ്പെടുത്തിയ പൊലീസ് അനധികൃതമായി ചുമത്തിയ ചെലാന്‍ റദ്ദാക്കുകയായിരുന്നു.