കൊച്ചി: ബ്രഹ്മപുരം പ്ലാൻറിലേക്കുള്ള മാലിന്യ നീക്കം ഒരാഴ്ച കൂടി നിലയ്ക്കും.അടിയന്തര പുനരുദ്ധാരണ പ്രവർത്തനത്തിന് ശേഷം പ്ലാന്‍റ് തുറന്ന് പ്രവർത്തിക്കാൻ ഒരാഴ്ച സമയം എടുക്കുമെന്ന് നഗരസഭാ മേയർ അറിയിച്ചു. പ്രശ്നപരിഹാരത്തിന് കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പ്ലാന്‍റിന്‍റെ സുരക്ഷ കൂട്ടാൻ തീരുമാനമായി.

ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവർത്തനം വീണ്ടും തുടങ്ങാതിരുന്നതിനെ തുടർന്ന് നഗരത്തിലെ മാലിന്യനീക്കം നിലച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർ ജനപ്രതിനിധികളെയും പ്ലാന്‍റ് അധികൃതരെയും ചർച്ചയ്ക്ക് വിളിച്ചത്.ഈ സാഹചര്യത്തിൽ പ്ലാന്‍റിന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെയും കോർപ്പറേഷന്‍റെയും നീക്കം. ഇനി തീപിടിത്തം ഉണ്ടാകാതിരിക്കാൻ സുരക്ഷാ നടപടികൾ ഉടൻ സ്വീകരിക്കും. പക്ഷേ, ഈ പ്രവർത്തനങ്ങൾ പൂർത്തിയാകും വരെ മാലിന്യനീക്കം പൂർണമായും നിർത്തി വയ്ക്കും.

സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ആറ് നിർദേശങ്ങളാണ് ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കുക. മീറ്ററുകൾ നീളം വരുന്ന മാലിന്യ കൂനയുടെ ഉയരം കുറയ്ക്കും. ഇവയ്ക്കിടയിൽ റിങ് റോഡുകൾ ഉണ്ടാക്കും. തീപിടുത്തം ഉണ്ടായാൽ ഉടൻ പ്രതിരോധിക്കാൻ ബ്രഹ്മപുരത്ത് തന്നെ വെള്ളവും ഹൈ പ്രഷർ മോട്ടോർ സംവിധാനവും ഒരുക്കും. നിലവിൽ തീ പടരാത്ത ഭാഗം നനയ്ക്കും. കൂടാതെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനവും ലൈറ്റുകളും ലഭ്യമാക്കും.

പ്ലാന്‍റിലേക്കുള്ള വൈദ്യുതി ലഭ്യത കൂട്ടാനും തീരുമാനമായി. അതേ സമയം മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന നിലപാടിലാണ് വടവുകോട്, പുത്തൻകുരിശ് പഞ്ചായത്ത് അധികൃതർ. പ്ലാന്‍റിലേക്ക് മാലിന്യം തള്ളിയാൽ തടയും എന്ന നിലപാടിലാണ് നാട്ടുകാരും.

ദിവസേന 360 ടൺ മാലിന്യം എത്തുന്ന പ്ലാന്‍റിന്‍റെ പ്രവർത്തനം ഒരാഴ്ച കൂടി നിലയ്ക്കുന്നതോടെ നഗരവാസികൾ ഇനിയും വലയും എന്നുറപ്പായി.