കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണ് എന്നാണ് ജോർജിൻ്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണെന്ന് ജോർജ് പൊലീസിന് മൊഴി നല്‍കി.

കൊച്ചി: കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണ് എന്നാണ് പ്രതിയായ ജോർജിൻ്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണെന്ന് ജോർജ് പൊലീസിന് മൊഴി നല്‍കി. വീട്ടിൽ വന്നതിനുശേഷം ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായി. ഈ തർക്കത്തിനൊടുവിൽ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊന്നുവെന്നും ജോർജ് പൊലീസിനോട് പറഞ്ഞത്.

തേവര കോന്തുരുത്തിയിൽ ജോര്‍ജിന്‍റെ വീട്ടിലേക്കുള്ള വഴിയിലാണ് ഇന്ന് രാവിലെ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ശുചീകരണതൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്ത് ജോർജ് ഇരിക്കുന്ന നിലയിലായിരുന്നു. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടക്കുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചു. ഇയാളുർെ വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വീടിനുള്ളിൽ വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

ചാക്ക് തിരഞ്ഞ് ജോര്‍ജ് നടന്നിരുന്നുവെന്ന് മൊഴി

ചാക്ക് തിരഞ്ഞ് ജോര്‍ജ് നടന്നിരുന്നുവെന്ന് അയൽവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് പുലര്‍ച്ചെ നാലരയോടെ തൊട്ടടുത്ത കടകളിൽ ചെന്ന് ജോര്‍ജ് ചാക്ക് തിരക്കിയിരുന്നു. പട്ടിയോ പൂച്ചോ ചത്തുകിടക്കുന്നുവെന്നും മറവ് ചെയ്യാൻ വേണ്ടിയാണ് എന്നുമാണ് ജോര്‍ജ് പറഞ്ഞത്. വളരെ തിരക്കേറിയ സ്ഥലത്താണ് മൃതദേഹം കണ്ടത്. ഹരിത കര്‍മ സേനാംഗങ്ങളാണ് വഴിയിൽ മൃതദേഹവും അതിനരികിൽ അബോധാവസ്ഥയിൽ ജോര്‍ജിനെയും കണ്ടത്. ആള്‍ക്കാരെത്തിയപ്പോഴേക്കും തന്നെ പിടിച്ചെഴുന്നേൽപിക്കാൻ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസികള്‍ കൗണ്‍സിലറെ വിവരമറിയിക്കുകയും കൗണ്‍സിലര്‍ പൊലീസിനെ വിവരമറിയിക്കുകയും ആയിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അര്‍ദ്ധരാത്രിയോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം. ചാക്കിൽ മൃതദേഹം കെട്ടി പുറത്തേക്ക് കൊണ്ടുവരുന്ന വഴി ജോര്‍ജ് തളര്‍ന്നുവീണതാകാമെന്ന് പൊലീസ് പറയുന്നു.

YouTube video player