കുടകിലെ തടിയന്‍റെ മോള്‍ മലയിൽ ട്രക്കിങിന് പോയ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയ്ക്കായുള്ള തെരച്ചിൽ തുടരുകയാണ്. ശരണ്യ തടിയന്‍റെ മോള്‍ ട്രക്കിങ് കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മടിക്കേരി: കുടകിലെ തടിയന്‍റെ മോള്‍ മലയിൽ ട്രക്കിങിന് പോയ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയ്ക്കായുള്ള തെരച്ചിൽ തുടരുകയാണ്. ശരണ്യ തടിയന്‍റെ മോള്‍ ട്രക്കിങ് കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓണ്‍ലൈൻ വഴി ബുക്ക് ചെയ്താണ് ട്രക്കിങിന് ആളുകള്‍ എത്താറുള്ളത്. ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും 8.15 ന് ട്രക്കിന് കടത്തിവിട്ടു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷൻമാരും ശരണ്യയും അടങ്ങിയ പത്തംഗ സംഘമാണ് ട്രക്കിങിന് പോയത്. ശരണ്യ ഒരു നായയുടെ കൂടെ കളിച്ചു നിൽക്കുന്നത് കണ്ടുവെന്ന് മടങ്ങി വന്നവർ പറഞ്ഞിരുന്നുവെന്നും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. പത്ത് പേരടങ്ങിയ സംഘത്തെയാണ് ട്രക്കിങിന് അയക്കാറുള്ളത്.
ശരണ്യയും മറ്റു ഒമ്പതു പേരും അടക്കം പത്തുപേരെയാണ് വ്യാഴാഴ്ച ട്രക്കിങിന് അയച്ചത്. ഉച്ചയ്ക്കുശേഷം തിരിച്ചിറങ്ങിയവരോട് ശരണ്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ മുകളിൽ ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. നായ കുട്ടിയെ കളിപ്പിച്ച് കുന്നിൻ മുകളിലുണ്ടെന്നാണ് അവര്‍ പറഞ്ഞത്. പത്തുപേരടങ്ങിയ ട്രക്കിങ് സംഘത്തിൽ ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. അവര്‍ താഴേക്ക് ഇറങ്ങിവരുമ്പോള്‍ ശരണ്യയെ കണ്ടിരുന്നതായി പറഞ്ഞിരുന്നു. അവര്‍ താഴേക്ക് പോവുകയാണെന്ന് ശരണ്യയോട് പറഞ്ഞപ്പോള്‍ താൻ വന്നോളാമെന്നാണ് ശരണ്യ പറഞ്ഞതെന്നുമാണ് അവര്‍ പറഞ്ഞതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു. പിന്നീടാണ് റിസോര്‍ട്ടിലെ ആളെത്തി ശരണ്യ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞത്. ഫോണിൽ വിളിച്ചപ്പോള്‍ ഒരു തവണ കിട്ടിയിരുന്നു.
അപ്പോഴാണ് വഴി തെറ്റിയെന്ന് ശരണ്യ പറഞ്ഞത്. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. ഉടൻ തന്നെ മേലധികാരികളെ വിവരം അറിയിച്ചു. നാട്ടുകാരയടക്കം വിളിച്ചു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും നാട്ടുകാരയും ട്രൈബൽ വിഭാഗത്തിലുള്ളവരെയുമടക്കം വിളിച്ച് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസ് ഡോഗ് സ്ക്വാഡും അടക്കം 150ഓളം പേര്‍ ചേര്‍ന്ന് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് 80ലധികം പേര്‍ പരിശോധന നടത്തുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്നേക്ക് നാലു ദിവസമായിട്ടും ശരണ്യയെ കണ്ടെത്താനായിട്ടില്ല. എറണാകുളത്ത് ജോലി ചെയ്യുന്ന ശരണ്യ നിരവധി തവണ ഒറ്റക്ക് ഇത്തരത്തിൽ യാത്ര ചെയ്യാറുള്ളതാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.



