തൃശൂർ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ ചോദ്യം ചെയ്തു. കുഴൽപ്പണ സംഘത്തിന് തൃശൂരിൽ ഹോട്ടലിൽ മുറിയെടുത്ത് നൽകിയത് താൻ തന്നെയെന്ന് തിരൂർ സതീഷ് മൊഴി നൽകിയതായാണ് വിവരം. ജില്ലാ നേതാക്കളുടെ നിർദേശപ്രകാരമാണ് മുറിയെടുത്തത്. ആർക്കാണ് മുറിയെടുക്കുന്നത് എന്ന് അറിയില്ലായിരുന്നെന്നുമാണ് സതീഷിന്റെ മൊഴി. ഓഫീസ് സെക്രട്ടറിയായത് 4 മാസം മുമ്പ് മാത്രമാണെന്നും അതിനാൽ കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും സതീഷ് അന്വേഷണ സംഘത്തിനെ അറിയിച്ചതായാണ് വിവരം. തിരൂർ സതീഷിനെ ചോദ്യം ചെയ്ത് ശേഷം വിട്ടയച്ചു. അതേ സമയം കേസിൽ ബിജെപി ജില്ലാ ട്രഷറർ സുജയ് സേനന്റെ സുഹൃത്ത് പ്രശാന്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.  

അതേ സമയം തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടെ വീടുകളിൽ നടക്കുന്ന പരിശേധന തുടരുകയാണ്. പ്രതികളുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ആകെ നഷ്ടമായ മൂന്നര കോടിയിൽ  ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ഇനിയും കണ്ടെത്തേണ്ട രണ്ടരക്കോടി രൂപക്ക് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. ഇരുപത് പേർക്കായി പണം നൽകിയെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona