നിലവിൽ പൊലീസ് അന്വേഷിക്കുന്ന എല്ലാ നേതാക്കളുടേയും മൊഴികളിൽ വ്യക്തത വന്നശേഷം ബിജെപിയുടെ സംസ്ഥാനത്തെ ഒരു സുപ്രധാന നേതാവിനെ ചോദ്യം ചെയ്യാൻ വിളിക്കും എന്നാണ് വിവരം.

തൃശ്ശൂർ:കൊടകരയിലെ കവർച്ചാ കേസിൽ നഷ്ടമായ പണം കണ്ടെത്താൻ ബിജെപി നേതാക്കൾ സ്വന്തം നിലയിൽ അന്വേഷണം നടത്തിയതായി കണ്ടെത്തൽ. കേസ് അന്വേഷിക്കുന്ന സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. കൊടകര കേസിൽ പൊലീസിന് പരാതി ലഭിച്ച് അന്വേഷണം തുടങ്ങിയ അതേസമയത്താണ് ബിജെപി നേതൃത്വം സ്വന്തം നിലയിൽ നഷ്ടമായ പണം കണ്ടെത്താനായി അന്വേഷണം നടത്തിയതെന്നാണ് സൂചന. 

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവർ തൃശൂർ ബി ജെ പി ഓഫീസിലെത്തിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പിനു ശേഷമാണ് ഇവർ എത്തിയതെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. ഇവരെ ബി ജെ പി നേതാക്കൾ വിളിച്ചു വരുത്തിയതാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി ബിജെപി ഓഫീസിലെ സിസിടിവി ക്യാമറയും പൊലീസ് പരിശോധിക്കും. പണം കവർച്ചചെയ്തത് രഞ്ജിത്തും ദീപകുമാണെന്ന് നേതൃത്വം സംശയിച്ചിരുന്നു. 

സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൻ്റെ ഭാഗമായി ചില ബിജെപി നേതാക്കൾ കണ്ണൂരിൽ പോകുകയും ഒരു പ്രതികളിൽ ഒരാളെ കാണുകയും ചെയ്തിട്ടുണ്ട്. കുന്നംകുളത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ബിജെപി ജില്ലാ അധ്യക്ഷൻ കെ.കെ.അനീഷ് കുമാർ ഈ ദിവസങ്ങളിൽ തൃശ്ശൂർ നഗരത്തിലുണ്ടായിരുന്നില്ല. എന്നാൽ ധർമ്മരാജനടക്കമുള്ളവർ പണവുമായി എത്തിയ ഏപ്രിൽ രണ്ടിന് അനീഷ് കുമാർ തൃശ്ശൂർ നഗരത്തിലുണ്ടായിരുന്നു. 

ധർമ്മരാജനും സംഘവും അനീഷ് കുമാറും ഒരേ ടവർ ലൊക്കേഷനിൽ മൂന്നര മണിക്കൂറോളം ഉണ്ടായിരുന്നു. അനീഷ് കുമാറും ബിജെപിയുടെ ജില്ലാ നേതാക്കളും നേരം പുലരും വരെ നഗത്തിലുണ്ടാവുകയും ചെയ്തു. തെരഞ്ഞെടുപ്പ് തിരക്കിനിടെ നേതാക്കളുടെ ഈ വരവും പോകും എന്തിനെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അനീഷ് കുമാറിനെ വിളിച്ചു വരുത്തിയ പൊലീസ് സംഘം അദ്ദേഹത്തിൽ നിന്നും ഇപ്പോൾ കാര്യങ്ങൾ ചോദിച്ചറിയുന്നുണ്ട്. കൊടകര കേസ് അന്വേഷണത്തിലെ നിർണായക ദിവസമാണിതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ധർമ്മരാജനെ അറിയാം എന്നാൽ പണം കൊണ്ടുവരുമെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് സമാഗ്രഹികൾ കൊണ്ടു വരുമെന്ന് അറിയാമായിരുന്നു ഇതേക്കുറിച്ച് ചോദിക്കാനാണ് ധർമ്മരാജനോട് ഫോണിൽ സംസാരിച്ചതെന്നാണ് ബിജെപിയുടെ സംഘടനാ സെക്രട്ടറി ഗണേഷ് നേരത്തെ പൊലീസിന് മൊഴി നൽകിയത്. ധർമ്മരാജന് തെരഞ്ഞെടുപ്പ് ചുമതല ഇല്ലായിരുന്നുവെന്ന് പൊലീസിന് വ്യക്തമാക്കിയിട്ടുണ്ട്. 

നിലവിൽ പൊലീസ് അന്വേഷിക്കുന്ന എല്ലാ നേതാക്കളുടേയും മൊഴികളിൽ വ്യക്തത വന്നശേഷം ബിജെപിയുടെ സംസ്ഥാനത്തെ ഒരു സുപ്രധാന നേതാവിനെ ചോദ്യം ചെയ്യാൻ വിളിക്കും എന്നാണ് വിവരം. കവർച്ച നടക്കുന്നതിന് മുൻപുള്ള ഏപ്രിൽ 3,4 ദിവസങ്ങളിൽ 22 തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. ഈ നേതാവിന് കവർച്ചയിൽ എന്തെങ്കിലും റോളുണ്ടോ എന്നതിലേക്കാണ് ഇനി അന്വേഷണം നീങ്ങുന്നത്. ഉന്നത നേതാവിനെ ചോദ്യം ചെയ്യും മുൻപ് പൊലീസ് നിയമവിദഗ്ദരുടെ അഭിപ്രായം തേടുമെന്നും വിവരമുണ്ട്.