Asianet News MalayalamAsianet News Malayalam

കൊടകര കുഴൽപ്പണക്കേസ്: പരാതിക്കാരനായ ധർമരാജന്‍റെ ഹവാല ബന്ധം പരിശോധിച്ച് പൊലീസ്

ആർഎസ്എസ് പ്രവർത്തകനായ ധ‍ർമരാജന് സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

kodakara case police investigate dharmarajans hawala connection
Author
Kochi, First Published May 24, 2021, 1:23 PM IST

കൊച്ചി: കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ പരാതിക്കാരനായ ധർമരാജന്‍റെ കർണാടകത്തിലെ ഹവാല ബന്ധങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നു. ആർഎസ്എസ് പ്രവർത്തകനായ ധ‍ർമരാജന് സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ധർമരാജന്‍റെ ഹവാല റാക്കറ്റിൽപ്പെട്ട റഷീദാണ് കവർച്ചാ സംഘത്തിന് വിവരം ചോർത്തിയതെന്നും തിരിച്ചറിഞ്ഞു.

കർണാകത്തിലെ ഹവാല റാക്കറ്റിൽ നിന്നാണ് മൂന്നരക്കോടി രൂപ ആർഎസ്എസ് പ്രവർത്തകനായ ധർമരാജന് കിട്ടിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴയിലെ ചില ബിജെപി നേതാക്കൾക്ക് കൈമാറാനായിരുന്നു നിർദ്ദേശം. കമ്മീഷൻ വ്യവസ്ഥയിലാണ് ധർമരാജൻ ഇടനിലക്കാരനായത്. ആർഎസ്എസ് പ്രവർത്തകനായ ഇയാൾ സംസ്ഥാനത്തെ ചില മുതിർന്ന ബിജെപി നേതാക്കളുടെ വിശ്വസ്ഥനായിട്ടാണ് അറിയപ്പെടുന്നത്. ഈ അടുപ്പമാണ് ഹവാല ഇടപാടിന് ധ‍ർമാരാജനെ ചുമതലപ്പെടുത്താൻ കാരണമെന്നും പൊലീസ് കരുതുന്നു. മംഗലാപുരം വഴി ഈയടുത്ത കാലത്ത് ധ‍ർമരാജൻ വഴി കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ ഹവാല പണം വേറെയും എത്തിയിട്ടുണ്ടെന്നും പൊലീസ് കണക്കുകൂട്ടുന്നു. 

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് സമാനമായ ചില സൂചനകൾ കിട്ടിയി‍ട്ടുണ്ട്. ധർമരാജന്‍റെ ഹവാല റാക്കറ്റിൽ നിന്ന് തന്നെയാണ്  മൂന്നരക്കോടി രൂപ ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന കാര്യം ചോർന്നതെന്നും തിരിച്ചറി‌‌ഞ്ഞു. ഈ സംഘത്തിലുണ്ടായിരുന്ന റഷീദാണ് കവർച്ചാ സംഘത്തെ ഇക്കാര്യം അറിയിച്ചത്. കിട്ടുന്നതിന്‍റെ പങ്ക് തനിക്കുകൂടി വീതിക്കണമെന്നായിരുന്നു റഷീദിന്‍റെ ആവശ്യം. ഇതുസംബന്ധിച്ച ടെലിഫോൺ രേഖകളും പൊലീസിന് കിട്ടിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios