തൃശ്ശൂർ: കൊടകര കുഴൽപ്പണ സംഘത്തിന്  തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി സതീശനാണെന്ന് വ്യക്തമായി. സതീശനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ജില്ലാ നേതൃത്വത്തിൻ്റെ നിർദേശമനുസരിച്ചാണ് മുറിയെടുത്ത് നൽകിയതെന്ന്  ഓഫീസ് സെക്രട്ടറി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും.

കേസിൽ പരാതിക്കാരായ ധർമ്മരാജൻ്റെയും ഡ്രൈവർ ഷംജീറിൻ്റെയും ചോദ്യം ചെയ്യൽ ഇന്നലെ പൂർത്തിയായിരുന്നു. ചോദ്യം ചെയ്യൽ ആറര മണിക്കൂർ നീണ്ടുനിന്നു. പറയാനുള്ളതെല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ധർമ്മരാജൻ പ്രതികരിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഷംജീർ തയ്യാറായില്ല. 

കേസിൽ ബിജെപി ബന്ധം വെളിപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പുതിയ മൊഴികളുടെ പശ്ചാത്തലത്തിലാണ് പരാതിക്കാരായ ധർമ്മരാജനെയും ഡ്രൈവറെയും തൃശൂരിൽ വിളിച്ചു വരുത്തി വീണ്ടും മൊഴി രേഖപ്പെടുത്തിയത്.

കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴൽപ്പണവുമായി വന്ന ധർമ്മരാജനും സംഘത്തിനും തൃശൂർ നാഷണൽ ഹോട്ടലിൽ താമസമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടൽ ജീവനക്കാരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു മുറിയെടുത്തതെന്നും  12 മണിയോടെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം  215, 216 നമ്പർ മുറികളിൽ താമസിച്ചെന്നും ഹോട്ടൽ ജീവനക്കാരൻ  പറയുന്നു. പുലർച്ചയോടെ ആലപ്പുഴയ്ക്ക് പുറപ്പെട്ട സംഘത്തെ കൊടകരയിൽ തടഞ്ഞു നിർത്തി കൊള്ളയടിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരൻ്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടൽ രേഖകളും സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona