സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി. സർക്കാരിൻ്റേത് സാമൂഹ്യനീതിയും വികസനവും കൈകോർക്കുന്ന ജനകീയ ബജറ്റാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. 

ആലപ്പുഴ: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് സാമൂഹ്യനീതിയും വികസനവും കൈകോർക്കുന്ന ജനകീയ ബജറ്റാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ശാക്തീകരണത്തിന് ഈ ബജറ്റ് പ്രത്യേക പ്രാധാന്യം നൽകുന്നു. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കർഷകർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ എന്നിവരുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കുമായി പ്രഖ്യാപിച്ച പദ്ധതികൾ ബജറ്റിന്റെ ജനകീയ മുഖം വ്യക്തമാക്കുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പട്ടികജാതി ഉപപദ്ധതിക്കായി 2,979.32 കോടി രൂപയും പട്ടികവർഗ ഉപപദ്ധതിക്കായി 859.48 കോടി രൂപയും അനുവദിച്ചതിന് പുറമെ അധിക തുകയും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി പുതിയ ഭവനപദ്ധതി, പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവ്, വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റുകൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ എന്നിവ ഏറെ സ്വാഗതാർഹമാണ്.

പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽ, ഉപജീവന പദ്ധതികൾക്കായി 164.16 കോടി രൂപ അനുവദിച്ചതും സാമൂഹിക സമത്വത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമത്തിനായി 77.91 കോടി രൂപ വകയിരുത്തിയതും ശ്രദ്ധേയമാണെന്ന് കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി. ഇമ്പിച്ചി ബാവ ഹൗസിംഗ് സ്കീം, മാർഗദീപം സ്കോളർഷിപ്പ്, മുഖ്യമന്ത്രിയുടെ മൈനോറിറ്റി റിസർച്ച് ഫെല്ലോഷിപ്പ്, വിദേശ സ്കോളർഷിപ്പുകൾ, നൈപുണ്യ വികസന പദ്ധതികൾ, സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് കരുത്തേകും. വികസനത്തിന്റെ നേട്ടങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയും കേരളത്തെ കൂടുതൽ സമത്വാധിഷ്ഠിതവും ഉൾക്കൊള്ളുന്നതുമായ സമൂഹമാക്കി മാറ്റുകയും ചെയ്യുന്ന ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.