ദേവസ്വം ബോർഡുകളുടെ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ട ആളുകളെ നിയമിക്കണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. അയ്യങ്കളി ജയന്തി ദിനത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: ദേവസ്വം ബോർഡുകളുടെ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി പട്ടികവർഗ വിഭാഗത്തില്‍പ്പെട്ടയാളുകളെയും നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. അയ്യങ്കാളി ജയന്തി ദിനത്തില്‍ ദേവസ്വം മന്ത്രി കെ മുരളീധരന്‍റെ സാന്നിധ്യത്തിലായിരുന്നു എംപിയുടെ നിര്‍ദേശം. കൊടിക്കുന്നിലിന്‍റെ ആവശ്യം തള്ളാൻ സർക്കാരിന് കഴിയില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു.
എല്ലാ കാലത്തും ദേവസ്വം ബോർഡ് നിയമനം നടക്കുമ്പോൾ ഉയരുന്നതാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ദളിത് പ്രാതിനിധ്യം. എന്നാല്‍ ഒരിക്കലും രാഷ്ട്രീയ പാർട്ടികള്‍ അക്കാര്യം പരിഗണിച്ചില്ലെന്ന വിമർശനമാണ് അയ്യങ്കാളി ജയന്തി പരിപാടി വേദിയില്‍ വെച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി ഉയർത്തിയത്. അഞ്ച് ദേവസ്വം ബോർഡുകള്‍ ഉണ്ട്. അതില്‍ ഒന്നിലെങ്കിലും ഒരു ടേം അധ്യക്ഷ സ്ഥാനം പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് നല്‍കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
എംപിയുടെ ആവശ്യത്തോട് അനുകൂലമായിട്ടായിരുന്നു ദേവസ്വം മന്ത്രി കെ മുരളീധരന്‍റെ പ്രതികരണം. പുതിയ ബോർഡുകളുടെ രൂപികരണം നടക്കാനിരിക്കെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ദളിത് പ്രാതിനിധ്യം സംബന്ധിച്ച ചർച്ച കോണ്‍ഗ്രസില്‍ ഉയരുന്നതെന്നതാണ് ശ്രദ്ധേയം. നിലവില്‍ നാല് ദേവസ്വം ബോർഡുകളുടെ പ്രസിഡന്റുമാർക്ക് ഒരു വർഷത്തോളവും കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്‍റിന് എട്ടുമാസവും കാലാവധി ബാക്കിയുണ്ട്.


