Asianet News MalayalamAsianet News Malayalam

'സർക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണര്‍ പദവി'; വിമര്‍ശനവുമായി കോടിയേരി

'തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണര്‍ സ്ഥാനം. ഇപ്പോഴത്തെ ഗവർണർ ഇത് മറക്കുന്നു'.

kodiyeri balakrishnan against kerala governor
Author
Thiruvananthapuram, First Published Jan 19, 2020, 8:32 AM IST

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കും നടപടികള്‍ക്കുമെതിരെ പരസ്യമായി രംഗത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണർ സ്ഥാനം. ഇപ്പോഴത്തെ ഗവർണർ ഇത് മറക്കുന്നു. കേന്ദ്ര സർക്കാരിന്റെ പ്രീതിക്കുവേണ്ടിയാണ് ഗവർണറുടെ അനുചിത ഇടപെടലെന്നും കോടിയേരി. ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടി തലത്തില്‍ സിപിഎം ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുമായി മുന്നോട്ട് പോകുന്നുവെന്നതിന്‍റെ സൂചനയാണ് കോടിയേരിയുടെ വിമര്‍ശനം. അതേസമയം വിഷയം കൂടുതല്‍ വഷളാകാതിരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അയഞ്ഞ നിലപാടാണ് ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കുന്നത്. 

പൗരത്വനിയമഭേദഗതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിന്‍റെ നടപടികളെയടക്കം വിമര്‍ശിച്ച് ഗവര്‍ണര്‍ നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. എന്നാല്‍ ഗവര്‍ണരുടെ നടപടികള്‍ക്കെതിരെ  ഭരണപ്രതിപക്ഷഭേഗദമന്യേ കക്ഷികള്‍ പ്രതികരിച്ചു. 

ഗവര്‍ണറുടെ നടപടികളെ വിമര്‍ശിച്ച് ഇന്നലെ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത്. സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കുന്നതിന് ഗവര്‍ണറുടെ അനുമതി വേണമെന്ന് എവിടെയും പറയുന്നില്ല. ഗവര്‍ണര്‍ വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കേണ്ടത്. എല്ലാ തീരുമാനങ്ങളും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. രാഷ്ട്രീയക്കാരന്‍റെ കുപ്പായമഴിച്ചുവെച്ച് സ്വതന്ത്രമായ ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ട്. ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്‍റെ തീരുമാനങ്ങളെല്ലാം താനാണ് എടുക്കേണ്ടതെന്ന് അദ്ദേഹം തെറ്റിധരിച്ചുവെന്നും ദേശാഭിമാനി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോടിയേരിയുടെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. 

 

 


 

Follow Us:
Download App:
  • android
  • ios