പൊലീസും കോടതിയും ഭരണഘടനയും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് എംസി ജോസഫൈനെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: പാർട്ടി ചിലപ്പോള്‍ കോടതിയും പൊലീസ് സ്റ്റേഷനും കൂടിയാണെന്ന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്‍റെ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിനും കോടതിക്കും സമാന്തരമല്ല ഒരിക്കലും പാര്‍ട്ടി സംവിധാനം. പൊലീസ് നടപടികൾ എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഒരു പോലെ ബാധകമാണ്. അത് പോലെ തന്നെയാണ് കോടതി നടപടികളും- കോടിയേരി പറഞ്ഞു. 

ഇന്ത്യൻ ഭരണഘടന അനുസരിച്ച് തന്നെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ എന്താണോ അതെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബാധകമാണ്. എന്നാൽ പാര്‍ട്ടിക്കകത്ത് ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങളിൽ പാര്‍ട്ടി ഇടപെടൽ ഉണ്ടാകാറുണ്ട്. അതാകാം എംസി ജോസഫൈൻ ഉദ്ദേശിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. 

കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്: 

പാർട്ടിക്ക് (സിപിഎം) സ്വന്തമായി ഒരു കോടതി സംവിധാനമുണ്ടെന്നായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻറെ പ്രതികരണം. പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നും പികെ ശശിക്കെതിരായ പീഡനപരാതിയെക്കുറിച്ച് പ്രതികരിക്കവേ എംസി ജോസഫൈൻ പറഞ്ഞു.