Asianet News MalayalamAsianet News Malayalam

K Rail : എതിർക്കുന്നത് കോർപ്പറേറ്റുകൾ; ഒരാളെയും കെ റെയിലിന്‍റെ പേരിൽ കണ്ണീർ കുടിപ്പിക്കില്ലെന്ന് കോടിയേരി

കെ റെയിൽ കോർപ്പറേറ്റുകൾക്ക് കൈയ്യടക്കാനാവില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അവകാശവാദം. ഗ്രാമങ്ങളിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന് മാർക്കറ്റ് വിലയുടെ നാലിരട്ടി നൽകുമെന്നും കോടിയേരി പറ‍ഞ്ഞു.

Kodiyeri Balakrishnan alleges corporates are behind k rail resistance
Author
Trivandrum, First Published Jan 16, 2022, 5:53 PM IST

തിരുവനന്തപുരം: ഒരാളെയും കെ റെയിൽ ( K Rail) പദ്ധതിയുടെ പേരിൽ കണ്ണീർ കുടിപ്പിക്കില്ലെന്ന് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). ഗ്രാമങ്ങളിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന് മാർക്കറ്റ് വിലയുടെ നാലിരട്ടി നൽകുമെന്ന് കോടിയേരി അവകാശപ്പെട്ടു. നാലിരട്ടി നഷ്ടപരിഹാരം എല്ലായിടത്തും ലഭ്യമാകില്ലെന്ന് കെ റെയിൽ എംഡി പറഞ്ഞിരുന്നു. കെ റെയിൽ എതിർപ്പിന് പിന്നിൽ കോർപ്പറേറ്റുകളാണെന്നാണ് സിപിഎം നേതാവിന്റെ ആരോപണം. 

കെ റെയിൽ ഡിപിആർ ഇപ്പോൾ പുറത്തു വന്നുവെന്ന് പറഞ്ഞ കോടിയേരി പരിസ്ഥിതി സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പ് പറയുന്നു. പദ്ധതിക്കെതിരെ എതിർപ്പ് ഉയർത്തുന്നത് കോർപ്പറേറ്റുകളാണെന്നാണ് കോടിയേരിയുടെ വിമർശനം. നിലവിലെ എതിർപ്പ് കോർപ്പറേറ്റുകളെ സംരക്ഷിക്കാനാണെന്നും കോടിയേരി അവകാശപ്പെട്ടു. കെ റെയിൽ കോർപ്പറേറ്റുകൾക്ക് കൈയ്യടക്കാനാവില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അവകാശവാദം. 

അതീവരഹസ്യരേഖയാണന്നും ടെണ്ടറിന് മുമ്പെ പുറത്തുവിടാനാകില്ലെന്നും വാദിച്ചിരുന്ന കെ റെയിലിന്റെ ഡിപിആ‍ർ കഴിഞ്ഞ ദിവസമാണ് സർക്കാർ പുറത്ത് വിട്ടത്. വിശദ പദ്ധതി രേഖ അനുസരിച്ച് 2025-26 ൽ കമ്മീഷൻ ചെയ്യുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ പ്രതിദിനം ആറു കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 1383 ഹെക്ടർ സ്ഥലമാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. പദ്ധതി കേരളത്തെ രണ്ടായി മുറിക്കില്ലെന്ന പറയുന്ന പദ്ധതി രേഖ നിർമ്മാണഘട്ടത്തിൽ നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. 

പാരിസ്ഥിതിക പഠനം അടക്കം ചേർത്ത് ആറുവാള്യങ്ങളിലായാണ് വിശദമായ പദ്ധതി രേഖ. ആറു ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. റെയിൽ-റോഡ് വ്യോമഗതാഗത പാതകളുമായി ബന്ധിപ്പിക്കും. ആദ്യഘട്ടത്തിൽ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കും ആകെ ഏറ്റെടുക്കേണ്ടത് 1383 ഹെക്ടർ ഭൂമി. ഇതിൽ 1198 ഹെക്ടർ സ്വകാര്യ വ്യക്തികളുടെ ഭൂമി. 185 ഹെക്ടർ റെയിൽവെ ഭൂമി. സംസ്ഥാന സർക്കാരിൻറയും റെയിൽവെയുടെയും സംയുക്തസംരഭമായാണ് വിഭാവനം ചെയ്തത്. പ്രതിദിനം 79934 യാത്രക്കാരെ പ്രതീക്ഷിക്കുന്നു. പ്രതിവർഷം 2276 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം ഘട്ടം ഘട്ടമായി ഇത് കൂടുമെന്നാണ് ഡിപിആർ. 

Follow Us:
Download App:
  • android
  • ios